തൊഴിലാളികൾക്ക് അവബോധ ക്ലാസുകളുമായി തൊഴിൽ മന്ത്രാലയം
text_fieldsതൊഴിൽ മന്ത്രാലയവും ദുബൈ പൊലീസും ചേർന്ന് തൊഴിലാളികൾക്കായി നടത്തിയ അവബോധ ക്ലാസിൽ നിന്ന്
ദുബൈ: എമിറേറ്റിലെ തൊഴിലാളികൾക്കായി മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയവും ദുബൈ പൊലീസും ചേർന്ന് ബോധവത്കരണ ക്യാമ്പയ്ൻ സംഘടിപ്പിച്ചു.
അഞ്ച് മേഖലകളിലായി നടത്തിയ കാമ്പയിനിൽ 9,200 തൊഴിലാളികൾ പങ്കെടുത്തു. തൊഴിലാളികൾക്കിടയിൽ നിയമം, ഡിജിറ്റൽ, സുരക്ഷ അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.
ചൂഷണം, വഞ്ചന, മറ്റ് അപകട സാധ്യതകൾ എന്നിവയിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുകയുമായിരുന്നു ലക്ഷ്യം. യു.എ.ഇയുടെ സുസ്ഥിര വികസനത്തെ പിന്തുണക്കുന്നതിൽ തൊഴിലാളികളുടെ പങ്കിനെ അധികൃതർ അഭിനന്ദിച്ചു.
രാജ്യത്തെ തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിലും മത്സരക്ഷമത വർധിപ്പിക്കുന്നതിലും മന്ത്രാലയം നടത്തുന്ന പരിശ്രമങ്ങളിൽ പ്രധാനമാണ് ഇത്തരം അവബോധ ക്ലാസുകൾ എന്ന് മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയത്തിലെ ലേബർ പ്രൊട്ടക്ഷൻ വിഭാഗം ആക്ടിങ് അസി. അണ്ടർ സെക്രട്ടറി ദലാൽ അൽ ഷഹി പറഞ്ഞു.
പ്രായോഗിക പരിജ്ഞാനം നൽകി തൊഴിലാളികളെ ശാക്തീകരിക്കുന്നതിൽ ഡിജിറ്റൽ ഉപകരണങ്ങൾ, ഫീൽഡ് കാമ്പയിനുകൾ, നേരിട്ടുള്ള ഇടപെടലുകൾ എന്നിവയുടെ പങ്ക് അവർ എടുത്തു പറഞ്ഞു.
ദുബൈ പൊലീസിന്റെ ‘നിങ്ങളുടെ അവകാശങ്ങൾ അറിയാം’ എന്ന പ്രമേയത്തിന് കീഴിൽ ദുബൈ പൊലീസുമായി സഹകരിച്ച് നടത്തുന്ന സംരംഭത്തെയും അവർ അഭിനന്ദിച്ചു. അൽ വർസാൻ, ജബൽ അലി 1, മുഹൈസിന 1, അൽഖൂസ്, ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളെയാണ് കാമ്പയിൻ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
ദുബൈ പൊലീസിന്റെ അടിയന്തര സഹായ നമ്പറായ 999, നോർ എമർജൻസി നമ്പറായ 901, പൊലീസ് ഐ സർവിസുകൾ എന്നിവയും തൊഴിലാളികൾക്ക് പൊലീസ് പരിചയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

