മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം
text_fields മനാമ: പ്രകൃത്യായുളള മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനായി പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുകയും അതുവഴി കൂടുതൽ മാതാക്കളിലേക്ക് സന്ദേശമെത്തിക്കാനുമാണ് ശ്രമം. പ്രകൃത്യായുള്ള മുലയൂട്ടൽ പ്രോൽസാഹിപ്പിക്കുന്നതിന് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി ശിൽപശാല ഒരുക്കി.
ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസന്‍റെ രക്ഷാധികാരത്തിൽ നടന്ന ശിൽപശാലയിൽ മുലയൂട്ടൽ പ്രോൽസാഹിപ്പിക്കുന്നതിന് നടപ്പാക്കാൻ കഴിയുന്ന ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. റോയൽ ബഹ്റൈൻ ആശുപത്രിയും ബ്രസ്റ്റ് ഫീഡിങ് സപ്പോർട്ട് കമ്മിറ്റിയുമായി സഹകരിച്ച് നടത്തിയ ശിൽപശാലയിൽ വിവിധ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രകൃത്യായുള്ള മുലയൂട്ടൽ നിരീക്ഷിക്കാൻ തീരുമാനിച്ചു.
മുലപ്പാലിന് പകരം നൽകുന്ന ബേബിഫുഡുകൾ പരിശോധിക്കാനും മെച്ചമായവ മാത്രം പ്രോൽസാഹിപ്പിക്കാനും തീരുമാനിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന ശിൽപശാലയിൽ വിവിധ വിഷയങ്ങളിലുള്ള അവതരണങ്ങൾ നടന്നു. ആരോഗ്യ പ്രവർത്തകർക്ക് പരിശീലനവും നിർദേശങ്ങളും നൽകുകയും ചെയ്തു.