മന്ത്രി എസ്. ജയ്ശങ്കർ ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി
text_fieldsമന്ത്രി എസ്. ജയ്ശങ്കർ ശൈഖ് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തുന്നു
അബൂദബി: യു.എ.ഇയിലെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അഞ്ചാമത് ഇന്ത്യൻ ഓഷ്യൻ കോൺഫറൻസിൽ പങ്കെടുക്കാനായാണ് മന്ത്രി ശനിയാഴ്ച അബൂദബിയിലെത്തിയത്. ഖസ്ർ അൽ ശാതിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിൽ ഇന്ത്യയും യു.എ.ഇയും തമ്മിലെ സഹകരണം ശക്തമാക്കുന്നതിന് ചർച്ചയിൽ ഇരുവരും അഭിപ്രായങ്ങൾ പങ്കുവെച്ചു.
കൂടിക്കാഴ്ചയിൽ പൊതുവായ താൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളിലെ അഭിപ്രായങ്ങൾ ഇരു രാഷ്ട്രനേതാക്കളും കൈമാറുകയും ചെയ്തു. സുവർണജൂബിലി ആഘോഷിക്കുന്ന യു.എ.ഇക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകളും അഭിനന്ദനങ്ങളും മന്ത്രി ജയ്ശങ്കർ ശൈഖ് മുഹമ്മദിനെ അറിയിച്ചു. ആശംസക്ക് നന്ദിയറിയിച്ച അദ്ദേഹം രാജ്യങ്ങൾ തമ്മിലുള്ള സുദൃഢബന്ധം തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയിൽ യു.എ.ഇയുടെ ഭാഗത്തുനിന്ന് വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ്, അബൂദബി എയർപോർട്ട് കമ്പനി ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ്, സുപ്രീം കൗൺസിൽ ഫോർ നാഷനൽ സെക്യൂരിറ്റി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അലി ഷംസി എന്നിവർ പങ്കെടുത്തു. മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തി.
അതിനിടെ അഞ്ചാമത് ഇന്ത്യൻ ഓഷ്യൻ കോൺഫറൻസിന് അബൂദബിയിൽ ശനിയാഴ്ച തുടക്കമായി. 30 രാജ്യങ്ങളിൽനിന്നായി അമ്പതിലേറെ പ്രഭാഷകരാണ് രണ്ടു ദിവസങ്ങളിലെ സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ശ്രീലങ്കൻ പ്രസിഡൻറ് ഗോതബയ രാജപക്സ, മാലദ്വീപ് വൈസ് പ്രസിഡൻറ് ഫൈസൽ നസീം, ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരമ തുടങ്ങി ഒമാൻ, ആസ്ട്രേലിയ, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

