Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ-സ്‌കൂട്ടര്‍ ഉപയോഗത്തിന് കുറഞ്ഞ പ്രായപരിധി 15 വയസ്സ്​

text_fields
bookmark_border
ഇ-സ്‌കൂട്ടര്‍ ഉപയോഗത്തിന് കുറഞ്ഞ പ്രായപരിധി 15 വയസ്സ്​
cancel

അബൂദബി: രാജ്യത്ത് ഇ-സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത യാത്രാ ഉപാധികള്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളും പുതിയ മാനദണ്ഡങ്ങളുമായി ഗതാഗത മന്ത്രാലയം. 2027 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമപ്രകാരം ഇ-സ്‌കൂട്ടര്‍ പെര്‍മിറ്റിന് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 15 വയസ്സായി നിശ്ചയിച്ചു.

പുതിയ നിയമമനുസരിച്ച് ഇ-സ്‌കൂട്ടറുകള്‍, ഇ-സൈക്കിളുകള്‍, മോപെഡുകള്‍ എന്നീ മൂന്ന് വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കും പെര്‍മിറ്റും രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ലൈസന്‍സിങ് അതോറിറ്റി നല്‍കുന്ന പെര്‍മിറ്റുകള്‍ക്ക് മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ടാകും. ബന്ധപ്പെട്ട ട്രാഫിക് അല്ലെങ്കില്‍ ലൈസന്‍സിങ് അതോറിറ്റികള്‍ നിര്‍ദേശിക്കുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. നിയമത്തില്‍ കുറഞ്ഞ പ്രായപരിധി 15 വയസ്സ് എന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, ദുബൈയില്‍ നിലവില്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ 16 വയസ്സ് തികഞ്ഞിരിക്കണമെന്നാണ് നിയമം. ഈ രണ്ടു പ്രായപരിധികള്‍ തമ്മിലുള്ള ഏകോപനം സംബന്ധിച്ച് പുതിയ ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല.

സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തിലും കര്‍ശന നിര്‍ദേശങ്ങളാണുള്ളത്​. രാത്രികാലങ്ങളില്‍ റോഡ് വ്യക്തമായി കാണാന്‍ സഹായിക്കുന്ന ഹെഡ്ലൈറ്റ്, പിന്‍ഭാഗത്തെ ലൈറ്റ്, ബ്രേക്ക് ചെയ്യുമ്പോള്‍ തെളിയുന്ന ചുവപ്പ് ലൈറ്റ് എന്നിവ ഇ-സ്‌കൂട്ടറുകളില്‍ ഉണ്ടായിരിക്കണം. വാഹനത്തിന്റെ ഹാന്‍ഡില്‍ബാറില്‍ വ്യക്തമായി ശബ്ദം കേള്‍ക്കാവുന്ന ഹോണ്‍ അല്ലെങ്കില്‍ വാണിങ് ഉപകരണം ഘടിപ്പിക്കണം. പിന്‍ചക്രത്തിലെങ്കിലും ബ്രേക്ക് സംവിധാനം വേണം. ടയറുകള്‍ സുരക്ഷിതമായി ഉറപ്പിച്ചതും ഉപയോഗയോഗ്യവുമാകണം. ചക്രത്തിന്റെ സ്പോക്കുകള്‍ ശരിയായ രീതിയില്‍ മുറുക്കിയതാവണം. എല്ലാ ഭാഗങ്ങളും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്ന രീതിയില്‍ ഘടിപ്പിച്ചതാകണം. ആവശ്യമെങ്കില്‍ അധിക സുരക്ഷാ മാനദണ്ഡങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ലൈസന്‍സിങ് അതോറിറ്റികള്‍ക്ക് അധികാരമുണ്ട്.

ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കുന്നതിലും നിര്‍ദേശങ്ങളുണ്ട്. റെഡ് സിഗ്‌നല്‍ ഉള്ളപ്പോള്‍ റോഡ് മുറിച്ചുകടക്കാന്‍ പാടില്ല. ഗ്രീന്‍ സിഗ്‌നല്‍ തെളിയുമ്പോള്‍ മാത്രം നിയമങ്ങള്‍ പാലിച്ചു കടക്കാം. ഗ്രീന്‍ സിഗ്‌നല്‍ മിന്നിത്തുടങ്ങിയാല്‍ പുതിയതായി യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ തുടങ്ങരുത്, എന്നാല്‍ ഇതിനകം കടക്കാന്‍ തുടങ്ങിയവര്‍ക്ക് യാത്ര പൂര്‍ത്തിയാക്കാം.

അതോറിറ്റികള്‍ നിശ്ചയിച്ചിട്ടുള്ള പ്രത്യേക പാതകളിലൂടെ മാത്രമേ ഇ-സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ പാടുള്ളൂ. ഇതിനായി നിശ്ചയിച്ച വേഗപരിധി പാലിക്കുകയും വേണം. മോട്ടോര്‍ വാഹനങ്ങള്‍ ഓടുന്ന സാധാരണ റോഡുകളില്‍ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. സ്വന്തമായി ഉപയോഗിക്കുന്ന ഇ-സ്‌കൂട്ടറുകള്‍ക്കും വാടകക്കെടുക്കുന്നവക്കും ഒരുപോലെ ഈ നിയമങ്ങള്‍ ബാധകമാണ്.

രണ്ട് അല്ലെങ്കില്‍ അതിലധികം ചക്രങ്ങളുള്ള, ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന, നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ഓടിക്കാവുന്ന വാഹനങ്ങളെയാണ് ഇ-സ്‌കൂട്ടര്‍ എന്ന് നിയമപരമായി നിര്‍വചിച്ചിരിക്കുന്നത്.

2026ലെ 174ാം നമ്പര്‍ കാബിനറ്റ് പ്രമേയപ്രകാരമാണ് പുതിയ ഫെഡറല്‍ ഗതാഗത നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷന്‍സ് പുറപ്പെടുവിച്ചത്. ഇ-സ്‌കൂട്ടര്‍ യാത്രക്കാരുടെയും കാല്‍നടക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയുള്ളതാണ് നിയമങ്ങള്‍. 'റോഡ് സേഫ്റ്റി യു.എ.ഇ' പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, 2024നെ അപേക്ഷിച്ച് 2025ല്‍ ഇ-സ്‌കൂട്ടറുകള്‍ ഉള്‍പ്പെട്ട പ്രധാന അപകടങ്ങളില്‍ 97 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 1,010 യു.എ.ഇ. നിവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 93 ശതമാനം പേരും ഇ-സ്‌കൂട്ടറുകളുടെ അപകടകരമായ ഡ്രൈവിങ് കണ്ടതായി സാക്ഷ്യപ്പെടുത്തി. 89 ശതമാനം പേരും അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ ഇവ ഓടിക്കുന്നത് കണ്ടതായി വ്യക്തമാക്കി. എങ്കിലും, സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം പേരും ഇ-സ്‌കൂട്ടറുകളെ അനുയോജ്യമായ ദൈനംദിന യാത്രാ മാര്‍ഗമായി തന്നെയാണ് കാണുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minimum Age Limit for E-Scooter Use Set to 15 Years
Next Story