റാസൽഖൈമയൊരുങ്ങുന്നു മിനി ഫുട്ബാള്‍ ലോകകപ്പിന്
text_fieldsയു.എ.ഇ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ‘മിനി ഫുട്ബാള്‍ ലോകകപ്പ് 2023’ന് വേദിയാകുന്നത് റാസല്‍ഖൈമ. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാല് വരെയാണ് 24 ടീമുകള്‍ മാറ്റുരക്കുന്ന കാല്പന്തുകളി അരങ്ങേറുക. 5,6,7,8 രീതികളില്‍ വ്യത്യസ്ത തലങ്ങളിലാണ് മിനി ഫുട്ബാള്‍ നടന്നുവരുന്നത്. റാസല്‍ഖൈമയിലേക്ക് വരുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് വേള്‍ഡ് മിനി ഫുട്ബാള്‍ ഫെഡറേഷന് (ഡബ്ളിയു.എം.എഫ്) പ്രസിഡന്റ് ഫിലിപ്പ് ജൂഡ അഭിപ്രായപ്പെട്ടു. വൈവിധ്യമാര്‍ന്ന വിനോദ സഞ്ചാര അനുഭവവും ആഗോള കായിക മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ വിജയകരമായ മുന്‍ പരിചയവുമാണ് റാസല്‍ഖൈമയെ വേദിയായി തെരഞ്ഞെടുക്കപ്പെടുന്നതില്‍ പരിഗണിച്ചത്.
സ്വിറ്റ്സര്‍ലണ്ട് കേന്ദ്രമായ ഡബ്ളിയു.എം.എഫിന് ലോകതലത്തില്‍ 100 രാജ്യങ്ങളില്‍ ശാഖകളുണ്ട്. കളിക്കാരുടെ ഉന്നമനം, ടീം ബില്‍ഡിംഗ്, ഫെയര്‍ പ്ളേ, ആഗോളതലത്തില്‍ മിനി ഫുട്ബാള്‍ കളിക്കാര്‍ തമ്മിലെ സൗഹൃദം എന്നിവ വഴി പരസ്പര സഹകരണം കെട്ടിപ്പടുക്കുന്നതിലാണ് ഡബ്ളിയു.എം.എഫിന്റെ ഊന്നല്‍. നൂറുകണക്കിന് കളിക്കാരും ആയിരകണക്കിന് മിനി ഫുട്ബാള്‍ പ്രേമികളും ഒരുമിക്കുന്ന വേദി ലോക കായിക ഭൂപടത്തില്‍ റാസല്‍ഖൈമയുടെ ഖ്യാതി ഉയര്‍ത്തും. പുതിയ തൊഴിലവസരങ്ങള്‍ക്കൊപ്പം ഹോട്ടല്‍-റസ്റ്റാറന്റ് മേഖലക്കും ഉണര്‍വ് നല്‍കും. ഇത് പ്രാദേശിക വാണിജ്യ മേഖലക്ക് ഉത്തേജനമാകുമെന്നും ഫിലിപ്പ് ജൂഡ വ്യക്തമാക്കി.
നേരത്തെ റാസല്ഖൈമയിലത്തെിയ ഫിലിപ്പ് ജൂഡ, വൈസ് പ്രസിഡന്റ് പീറ്റര്‍ ക്രാലിക്ക്, സെക്രട്ടറി സോറിക്ക ഹോഫ്മാന്‍ എന്നിവര്‍ ഡെസ്റ്റിനേഷന്‍ ടൂറിസം ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇയാദ് റാസ്ബെ, സീനിയര്‍ മാനേജര്‍ ടില്‍ഡ തോണ്ക്വിസ്റ്റ് തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.