മിന കപ്പ്: 15 അന്താരാഷ്ട്ര ടീമുകൾ പങ്കെടുക്കും
text_fieldsദുബൈ: കുട്ടിത്താരങ്ങൾ പിറവിയെടുക്കുന്ന മിന കപ്പ് ഫുട്ബാളിന്‍റെ രണ്ടാം എഡിഷനിൽ 15 അന്താരാഷ്ട്ര ടീമുകൾ പങ്കെടുക്കും. ഇതിന് പുറമെ യു.എ.ഇയിൽ 17 ടീമുകൾ കൂടി അണിനിരക്കുന്ന ഫുട്ബാൾ മാമാങ്കം മാർച്ച് 31 മുതൽ ഏപ്രിൽ അഞ്ച് വരെ ജെ.എ സ്പോർട്സ് സെന്‍റർ, ഷൂട്ടിങ് ക്ലബ്ബിൽ നടക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ ക്രിസ്റ്റൽ പാലസ്, സതാംപ്തൺ, ഇന്ത്യയിലെ മുംബൈ സിറ്റി എഫ്.സി, ജപ്പാനിലെ യോക്കോഹാമ, അമേരിക്കയിലെ ന്യൂയോർക്ക് റെഡ്ബുൾ തുടങ്ങിയവയുടെ ജൂനിയർ ടീമുകൾ പങ്കെടുക്കും. ദുബൈ സ്പോർട്സ് കൗൺസിലിന്‍റെ സഹകരണത്തോടെയാണ് പരിപാടി. മത്സരം കാണാൻ പ്രവേശനം സൗജന്യമാണ്. വൈകുന്നേരം 3.30 മുതലാണ് മത്സരങ്ങൾ.
പാൽമിറ്റോ ഗാർഡനിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ താരങ്ങളും പരിശീലകരും അടക്കം 600ഓളം പേർ പങ്കെടുക്കും. 12മുതൽ 18 വയസുവരെയുള്ളവരെ നാല് വിഭാഗങ്ങളാക്കി തിരിച്ചാണ് മത്സരം. കഴിഞ്ഞ വർഷം നടന്ന ദേശീയ ഫുട്ബാൾ ടൂർണമെന്‍റിൽ നിന്ന് യോഗ്യത നേടിയ 17 ടീമുകളാണ് കളത്തിലിറങ്ങുന്നത്. മാഞ്ചസ്റ്റർ സിറ്റി സോക്കർ സ്കൂൾ, ബാഴ്സ അക്കാദമി, ഫുർസാൻ ഹിസ്പാനിയ, ഗോ പ്രോ സ്പോർട്സ് തുടങ്ങിയവയാണ് യു.എ.ഇയിൽ നിന്നുള്ള പ്രമുഖ ക്ലബ്ബുകൾ. ഇതിന് പുറമെ ഫാർ ഈസ്റ്റ്, നോർത്ത് അമേരിക്ക, ഇന്ത്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളും പങ്കെടുക്കും. കഴിഞ്ഞ വർഷം നടത്തിയ ടൂർണമെന്‍റിന്‍റെ വിജയത്തെ തുടർന്നാണ് വീണ്ടും മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ടൂർണമെന്‍റിന്‍റെ ഗ്രൂപ്പ് മത്സരങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം നടന്നു.