മില്ലത്ത് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് നാളെ
text_fieldsയു.എ.ഇ ഐ.എം.സി.സി സംഘടിപ്പിക്കുന്ന ‘മില്ലത്ത് ട്രോഫി’ ഇലവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ട്രോഫി പ്രകാശനം ദുബൈയിൽ നടന്നപ്പോൾ
ദുബൈ: ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ നാമധേയത്തിൽ യു.എ.ഇ ഐ.എം.സി.സി സംഘടിപ്പിക്കുന്ന 'മില്ലത്ത് ട്രോഫി' ഇലവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടാം എഡിഷൻ ഞായറാഴ്ച രാവിലെ 10ന് ദുബൈ ഇത്തിസാലാത്ത് അക്കാദമി സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേരള എക്സ് പാട്രിയേറ്റ് ഫുട്ബാൾ അസോസിയേഷന്റെ (കെഫ) റാങ്കിങ്ങിലെ ആദ്യ എട്ടു ടീമുകളാണ് പങ്കെടുക്കുന്നത്.
ഐ.എസ്.എൽ, സന്തോഷ് ട്രോഫി, ഐ ലീഗ് തുടങ്ങിയ വമ്പൻ ടൂർണമെന്റുകളിൽ കളിച്ച താരങ്ങൾ കളത്തിലിറങ്ങും.
ജയിക്കുന്ന ടീമിന് 10,000 ദിർഹമാണ് സമ്മാനം. വമ്പൻ ട്രോഫിയും ഇവർക്കായി കാത്തിരിക്കുന്നു. യു.എ.ഇയിലെ പ്രവാസി ഫുട്ബാളിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ടൂർണമെന്റാണിതെന്ന് സംഘാടകർ അറിയിച്ചു.
ടീമുകൾ ദുബൈയിൽ എത്തിയിട്ടുണ്ട്. പ്രവാസികൾക്കിടയിൽ കായിക സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ആയിരക്കണക്കിന് പ്രവാസികൾ കളി കാണാൻ എത്തുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ യു.എ.ഇ ഐ.എം.സി.സി പ്രസിഡന്റും ലോക കേരള സഭ അംഗവുമായ കുഞ്ഞാവുട്ടി കാദർ, ജനറൽ സെക്രട്ടറി ഫാറൂഖ് അതിഞ്ഞാൽ, ഐ.എം.സി.സി ട്രഷററും ടൂർണമെന്റ് കമ്മിറ്റി ചെയർമാനുമായ അനീഷ് റഹ്മാൻ നീർവേലി, ടൂർണമെന്റ് കമ്മിറ്റി കൺവീനർ നബീൽ അഹ്മദ്, ട്രഷറർ മുസ്തു എരിയാൽ, മുഖ്യരക്ഷാധികാരി സലാം തൃക്കരിപ്പൂർ, ഐ.എം.സി.സി ഷാർജ പ്രസിഡന്റ് താഹിറാലി പൊറപ്പാട് എന്നിവർ സംസാരിച്ചു.
ട്രോഫിയുടെ പ്രകാശനവും നടന്നു.
സംഘടനയിൽ ഭിന്നിപ്പില്ല -ഐ.എം.സി.സി
ദുബൈ: യു.എ.ഇ ഐ.എം.സി.സിയിൽ ഭിന്നിപ്പില്ലെന്നും സംഘടനയിൽനിന്ന് പുറത്താക്കപ്പെട്ടവരാണ് വിരുദ്ധ പ്രസ്താവനകളുമായിറങ്ങുന്നതെന്നും പ്രസിഡന്റ് കുഞ്ഞാവൂട്ടി കാദർ.
ദുബൈയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ ലെറ്റർപാഡ് ദുരുപയോഗം ചെയ്താണ് ഇവർ പ്രസ്താവന ഇറക്കുന്നത്. യു.എ.ഇ കമ്മിറ്റിയിൽ പടലപ്പിണക്കങ്ങളില്ല. അധികാരത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുന്നവരാണ് സംഘടനയെ നശിപ്പിക്കുന്നത്. അവരെ പുറത്താക്കിയ ദേശീയ നേതൃത്വത്തിന്റെ നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

