വെസ്റ്റ് ബാങ്കിൽ കുടിയേറ്റം: ഇസ്രായേൽ നടപടിയെ അപലപിച്ച് യു.എ.ഇ
text_fieldsദുബൈ: വെസ്റ്റ് ബാങ്കിൽ പുതിയ അനധികൃത കുടിയേറ്റത്തിന് അംഗീകാരം നൽകിയ ഇസ്രായേൽ സർക്കാർ നടപടിയെ അപലപിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രാലയം. അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളുടെ നിയമപരവും ചരിത്രപരവുമായ നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്തുന്ന എല്ലാ നടപടികളെയും തള്ളിക്കളയുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
അന്താരാഷ്ട്ര പ്രമേയങ്ങൾ ലംഘിക്കുന്ന എല്ലാ നടപടികളും യു.എ.ഇ നിരസിക്കുന്നു. ഇത്തരം നടപടികൾ മേഖലയിൽ സംഘർഷാന്തരീക്ഷം സൃഷ്ടിക്കുന്നതും സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും.
മിഡിലീസ്റ്റിലെ സമാധാനപ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെയും പിന്തുണക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിനും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ഭീഷണിയായ നിയമവിരുദ്ധ നടപടികൾ അവസാനിപ്പിക്കേണ്ടതുമുണ്ട്. സമാധാനവും നീതിയും പ്രോത്സാഹിപ്പിക്കുകയും സഹോദരങ്ങളായ ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള പ്രതിബദ്ധതയിൽ യു.എ.ഇ ഉറച്ചുനിൽക്കുകയും ചെയ്യുന്നു -പ്രസ്താവന കൂട്ടിച്ചേർത്തു.
സമാധാനം കൈവരിക്കാൻ എല്ലാ ശ്രമങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കണമെന്നും പ്രസ്താവന അന്താരാഷ്ട്രസമൂഹത്തോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

