കാരുണ്യത്തിെൻ പടി ചവിട്ടി മെട്രോ യാത്രികർ
text_fieldsദുബൈ: റോഡ് ഗതാഗത അതോറിറ്റിയുടെ ജീവകാരുണ്യ സംരംഭത്തിന് പിന്തുണ നൽകി നൂറു കണക്കിന് യാത്രക്കാർ മെട്രോ സ്റ്റേഷനിലെ ചവിട്ടു പടികൾ ഉപയോഗിച്ചു. ദുബൈ ബുർജ്മാൻ മെട്രോ സ്റ്റേഷനിൽ ലിഫ്റ്റിനും എസ്കലേറ്ററിനും പകരം കോണിപ്പടികൾ ഉപയോഗിക്കുന്ന ഒാരോ യാത്രക്കാരുടെയും പേരിൽ ഒരു ദിർഹം വീതം ജീവകാരുണ്യ പ്രവർത്തനത്തിന് വകയിരുത്തിയപ്പോൾ സ്വരൂപിച്ചത് പതിനായിരത്തിലേറെ ദിർഹമാണ്. തിങ്കളാഴ്ച രാവിലെ നടത്തിയ ഇൗ യജ്ഞത്തിൽ വൈകുന്നേരം ഏഴു മണി ആയപ്പോഴേക്കും 10000യാത്രക്കാർ 50 പടികളുള്ള കോണി കയറിയിറങ്ങിയിരുന്നു.
30000 യാത്രക്കാർ ദിനേന മെട്രോ ഉപയോഗിക്കുന്ന ബുർജുമാനിലാണ് ആദ്യ പടിയായി ഇൗ പദ്ധതി നടപ്പാക്കിയത്. അടുത്ത വർഷം കൂടുതൽ സ്റ്റേഷനുകളിൽ പദ്ധതി നടപ്പാക്കും. ബൈത്തുൽ ഖൈർ, ദാറുൽ ബിർറ് എന്നീ സംഘങ്ങളുടെ പിന്തുണയോടെ ഇൗ തുക അർഹരായ സംഘത്തിനു നൽകും. ദാനവർഷത്തിെൻറ ഭാഗമായാണ് ചാരിറ്റബിൾ സ്റ്റെപ്പ്സ് പദ്ധതിക്ക് ആർ.ടി.എ തുടക്കമിട്ടത്.
