ഡ്രോൺ ഉപയോഗിച്ച് മെട്രോ ടണൽ പരിശോധന തുടങ്ങി
text_fieldsദുബൈ മെട്രോ ടണലുകൾ ഡ്രോൺ ഉപയോഗിച്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
ദുബൈ: ദുബൈ മെട്രോ ടണലുകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). മനുഷ്യ അധ്വാനം കുറക്കുന്നതിനായി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. പരിശോധന സമയം 60 ശതമാനം വരെ കുറയ്ക്കാൻ ഡ്രോണുകളുടെ ഉപയോഗം സഹായകമാവും. കൂടാതെ സുരക്ഷയിലും പ്രവർത്തന കാര്യക്ഷമതയിലും കാര്യമായ വർധനവും വരുത്താനാവുമെന്ന ആർ.ടി.എ അറിയിച്ചു.
മെട്രോ ഓപറേറ്റർമാരായ കിയോലിസ് എം.എച്ച്.ഐയുമായി കൈകോർത്ത് നടപ്പിലാക്കുന്ന പദ്ധതി ദുബൈ മെട്രോയുടെ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിലെ പ്രധാന ചുവട്വെപ്പ് അടയാളപ്പെടുത്തുന്നതാകും. നേരത്തെ ടണലുകളിൽ എത്തിപ്പെടാൻ പ്രയാസമുള്ള മേഖലകളിലെല്ലാം ട്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്താനാവും. നിലവിൽ ഇത്തരം സ്ഥലങ്ങളിലേക്ക് തൊഴിലാളികളെ പ്രവേശിപ്പിക്കാൻ സങ്കീർണമായ ആസൂത്രണം ആവശ്യമായിരുന്നു.
അതേസമയം, ടണലുകളുടെ അതിവിപുലമായ ഉൾകാഴ്ചകളും ഉയർന്ന റസല്യൂഷനിലുള്ള ഫോട്ടോകളും ട്രോണുകൾ ഉപയോഗിച്ച് പകർത്താനാവും. ഇതുപയോഗിച്ച് ടണലുകളുടെ സ്ഥിതിഗതികൾ സംബന്ധിച്ച് എൻജിനീയർമാർക്ക് കൂടുതൽ വിശദവും കൃത്യവുമായ വിലയിരുത്തൽ നടത്താൻ സാധിക്കുമെന്ന് അതോറിറ്റി അറിയിച്ചു. തൊഴിലാളികളുടെ അപകട സാധ്യതകൾ കുറച്ച് കൂടുതൽ കാര്യക്ഷമമായ പരിശോധനക്ക് ഡ്രോണുകൾ ഉപകരിക്കുമെന്നും അവർ വ്യക്തമാക്കി.
ഈ മാസം ആദ്യത്തിൽ ദുബൈയിലെ ട്രാഫിക് സിഗ്നലുകൾ വൃത്തിയാക്കാൻ ഡ്രോണുകൾ ഉപയോഗപ്പെടുത്തുമെന്ന് ആർ.ടി.എ പ്രഖ്യാപിച്ചിരുന്നു. തൊഴിലാളികളെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ചെയ്തിരുന്ന ശുചീകരണ പ്രവൃത്തികൾ ഇനി മുതൽ ഡ്രോണുകൾ ഏറ്റെടുക്കും. സിഗ്നലുകളുടെ ഒരു ഭാഗം വൃത്തിയാക്കാൻ 10 മിനിറ്റിൽ താഴേ മതിയെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ ഇന്ധനം കുറക്കാനും കാർബൺ ബഹിർഗമനം ഇല്ലാതാക്കാനും ഇതു വഴി കഴിയും. നേരത്തെ ദുബൈ മെട്രോയുടെയും ട്രാമുകളുടയും മുൻഭാഗം വൃത്തിയാക്കാനും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

