തൊഴിലിടങ്ങളിലെ മാനസികാരോഗ്യം ഉറപ്പാക്കാൻ ദുബൈ പൊലീസ്
text_fields‘മെന്റൽ ഹെൽത്ത് ഫസ്റ്റ് എയ്ഡർ’മാരെ ദുബൈ പൊലീസ് ആദരിച്ചപ്പോൾ
ദുബൈ: ജീവനക്കാരുടെ മാനസികാരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ മുന്നിട്ടിറങ്ങിയ ‘മെന്റൽ ഹെൽത്ത് ഫസ്റ്റ് എയ്ഡർ’മാരെ ആദരിച്ച് ദുബൈ പൊലീസ്. ദുബൈ പൊലീസ് ഓഫീസേഴ്സ് ക്ലബിൽ നടന്ന ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഡോ. സാലിഹ് അബ്ദുല്ല മുറാദ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജീവനക്കാരുടെ ക്ഷേമവും സന്തോഷവുമാണ് സ്ഥാപനത്തിന്റെ വളർച്ചക്ക് അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലിടങ്ങളിലെ ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ്, അവർക്ക് വിദഗ്ദ്ധ സഹായം ലഭ്യമാകുന്നതുവരെ ഉചിതമായ മാനസിക പിന്തുണ നൽകുകയാണ് ഈ പ്രഥമ ശുശ്രൂഷകരുടെ ചുമതല. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട പ്രത്യേക പദ്ധതിയായ ‘അൾജീ-ALGEE' അടിസ്ഥാനമാക്കിയാണ് ഇവർ പ്രവർത്തിക്കുന്നത്.
മികച്ച സേവനം കാഴ്ചവെച്ച സെക്കൻഡ് ലെഫ്. ദനാനീർ അൽ മുഹൈരി (അൽ ഖുസൈസ് പൊലീസ് സ്റ്റേഷൻ), ലിന മുഹമ്മദ് അമീരി (ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജി വിഭാഗം), മഹാ മുഹമ്മദ് അഹമ്മദ്, മുസ്ന സൗദ് അൽ ബ്ലൂഷി (ട്രാൻസ്പോർട്ട് ആൻഡ് റെസ്ക്യൂ വിഭാഗം), ഫസ്റ്റ് ലെഫ്. ശൈഖ് ഖലീഫ ബിൻ ഹശർ (പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി വിഭാഗം) എന്നീ ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു. മികച്ച രീതിയിൽ ബോധവൽക്കരണം നടത്തിയ എയർപോർട്ട് സെക്യൂരിറ്റി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗങ്ങളെയും ആദരിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഇയാൻ ഗ്രേ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. തൊഴിലിടങ്ങളിലെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചടങ്ങിനോടനുബന്ധിച്ച് പാനൽ ചർച്ചയും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

