മെഹ്ബൂബ് ഷംശുദീന്റെ സ്വപ്നഭവനം യാഥാർഥ്യമാകുന്നു
text_fieldsമെഹ്ബൂബ് ഷംശുദീൻ
അബൂദബി: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിനൊടുവിൽ തിരുവനന്തപുരം പെരുമാതുറ സ്വദേശി മെഹ്ബൂബ് ഷംശുദീന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. അബൂദബിയിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബൂദബിയും (ഐ.എം.എ) പ്രമുഖ ആരോഗ്യസേവന ദാതാക്കളായ വി.പി.എസ് ഹെൽത്ത് കെയർ ഗ്രൂപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ആദ്യ ഗുണഭോക്താവായി ഉമ്മുൽ ഖുവൈനിൽ താമസിക്കുന്ന മെഹ്ബൂബ് ഷംശുദീനെ തിരഞ്ഞെടുത്തു. മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് ആശ്വാസവാർത്ത.
ഗൾഫിൽ വർഷങ്ങളോളം സേവനം അനുഷ്ഠിച്ചിട്ടും സ്വന്തമായി വീടില്ലാത്ത പ്രവാസികളെ കണ്ടെത്തി വീടുവെച്ച് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഭവന പദ്ധതി ആരംഭിച്ചത്. സമഗ്രമായ സാമൂഹ്യ-സാമ്പത്തിക പരിശോധനക്കും അപേക്ഷാ മൂല്യനിർണയത്തിനും ശേഷമാണ് മെഹ്ബൂബ് ഷംശുദീനെയും കുടുംബത്തെയും ആദ്യ ഘട്ടത്തിൽ ഗുണഭോക്താവായി തിരഞ്ഞെടുത്തത്.
വീടിന്റെ നിർമാണം എത്രയും പെട്ടെന്ന് തുടങ്ങുമെന്ന് ഭാരവാഹികളായ സമീർ കല്ലറ, റാശിദ് പൂമാടം, ഷിജിന കണ്ണൻദാസ്, റസാക്ക് ഒരുമനയൂർ, നിസാമുദ്ദീൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

