മീഡിയവൺ സൂപ്പർ കപ്പ്; ടീമുകളുടെ ലോഗോ പ്രകാശനം ചെയ്തു
text_fieldsദുബൈ: അടുത്തമാസം രണ്ടാം വാരം മീഡിയവൺ സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് മത്സര ടീമുകളുടെ ലോഗോ പ്രകാശനം നടന്നു. ദുബൈ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മീഡിയവൺ-ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലന്റെ നേതൃത്വത്തിലാണ് ലോഗോ പ്രകാശനം നടന്നത്.
കണ്ണൂർ വാരിയേഴ്സ്, കോഴിക്കോട് കിങ്സ്, മലപ്പുറം ഹീറോസ്, തിരുവനന്തപുരം ടൈറ്റാൻസ്, തൃശൂർ ടസ്കേഴ്സ്, പാലക്കാട് പാന്തേഴ്സ്, കാസർകോട് റൈഡേഴ്സ്, എറണാകുളം ചലഞ്ചേഴ്സ് എന്നീ ടീമുകളാണ് മാറ്റുരക്കുക. എട്ടു ജില്ലാതല ടീമുകളെ പ്രതിനിധാനം ചെയ്ത് ശരീഫ്, ഹെഷിൻ, ജാസിം, റിയാസ്, ഷബീർ, റാഷിദ്, അഫീഫ്, അഭിലാഷ് എന്നിവർ ലോഗോ ഏറ്റുവാങ്ങി. യുഎ.ഇയിലെ മുൻനിര ഫുട്ബാൾ ടീമുകളാണിവ. ആസ്പാസ്ക് പൂനൂർ സാരഥി അൻവർ കാന്തപുരം, കെഫ പ്രസിഡൻറ് ജാഫർ, ആസ്പാസ്ക് പൂനൂർ മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ സാദിഖ് പൂനൂർ, കെഫ ഫിനാൻസ് കം ഇവൻറ് കോർഡിനേറ്റർ ആദം അലി, കെഫ പ്രതിനിധികളായ ശരീഫ് അൽ ബർഷ, അക്ബർ, ഷുഹൈബ് എന്നിവർ സംബന്ധിച്ചു.
മീഡിയാ വൺ യു.എ.ഇ കോർഡിനേഷൻ സമിതി അംഗം ഷമീം, മിഡിൽ ഇൗസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ, സീനിയർ ജനറൽ മാനേജർ ഷബീർ ബക്കർ എന്നിവർ ലോഗോ കൈമാറി. സൂപ്പർ കപ്പ് മത്സരങ്ങളുടെ ഫിക്സ്ചറും പുറത്തിറക്കി.
നവംബർ 12,13 തീയതികളിൽ ദുബൈ ഡിറ്റർമിനേഷൻ ക്ലബ് സ്റ്റേഡിയത്തിലാണ് സൂപ്പർ കപ്പ് മൽസരങ്ങൾ അരങ്ങേറുക. വൈകീട്ട് അഞ്ചു മുതൽ രാത്രി 10 വരെ മത്സരം നീണ്ടുനിൽക്കും. ജേതാക്കൾക്ക് കാഷ് പ്രൈസും ട്രോഫിയും സമ്മാനമായി കൈമാറും. അതത് ജില്ല ടീമുകൾക്കിടയിൽ നടക്കുന്ന വാശിയേറിയ പോരാട്ടം വീക്ഷിക്കാൻ ആയിരങ്ങൾ സ്റ്റേഡിയത്തിലെത്തും. പ്രവേശനം സൗജന്യമായിരിക്കും.
ദോഹയിൽ കാൽപന്തുകളിയുടെ ലോകകപ്പിന് ഒരാഴ്ച മാത്രം മുമ്പ് ദുബൈയിൽ നടക്കുന്ന എട്ട് ജില്ല ടീമുകൾ തമ്മിലെ മത്സരം കായികമേഖലക്ക് കൂടുതൽ ഊർജം പകരുമെന്ന് സലീം അമ്പലൻ പറഞ്ഞു. ചിട്ടയായ പരിശീലനത്തിലൂടെ ഏറ്റവും മികച്ച മത്സരത്തിന് ടീമുകൾ തയാറെടുത്തു വരുകയാണെന്ന് കെഫ സാരഥികളും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

