മീഡിയവൺ സൂപ്പർകപ്പ്: ജഴ്സി പുറത്തിറക്കി
text_fieldsദുബൈ: ദുബൈയിൽ ശനി, ഞായർ ദിവസങ്ങളിലായി മീഡിയവൺ സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് മത്സരത്തിന്‍റെ ജഴ്സികൾ പുറത്തിറക്കി. ദുബൈയിലെ അസൂർ റീജൻസി ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ജഴ്സി പ്രകാശനം നടന്നത്.
യു.എ.ഇയിലെ എട്ട് പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന മത്സരങ്ങൾക്ക് രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ജഴ്സികൾ പുറത്തിറക്കിയത്. കേരളത്തിലെ എട്ട് ജില്ലകളെ പ്രതിനിധാനം ചെയ്യുന്ന ടീമുകളുടെ ക്യാപ്റ്റൻമാരും പ്രതിനിധികളും ജഴ്സികൾ ഏറ്റുവാങ്ങി.
മീഡിയവൺ സൂപ്പർ കപ്പ് മത്സരത്തിന്‍റെ ജഴ്സി ലോഞ്ച് ചടങ്ങ്
ലിമാറ ഷിപ്പിങ് എൽ.എൽ.സി ജനറൽ മാനേജർ ബാദുഷ യൂനുസ്, ശാന്തി വെൽനസ് മാനേജിങ് ഡയറക്ടർ സുമേഷ് ജി. വയലരികത്ത്, അസൂർ റീജൻസി ജനറൽ മാനേജർ ദീപക് ഫിലിപ്പ്, മീഡിയവൺ- ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഡയറക്ടർ സലീം അമ്പലൻ, കെഫ ഫിനാൻസ് സെക്രട്ടറി ആദം അലി, കെഫ പി.ആർ.ഒ മുഹമ്മദ് ശരീഫ്, അക്പാസ്ക് പ്രസിഡന്റ് അൻവർ, മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ മേധാവി എം.സി.എ. നാസർ എന്നിവർ ജഴ്സികൾ പുറത്തിറക്കി.ടീമുകളുടെ ക്യാപ്റ്റൻമാരും പ്രതിനിധികളും ജഴ്സി ഏറ്റുവാങ്ങി. കണ്ണൂർ വാരിയേഴ്സ്, കോഴിക്കോട് കിങ്സ്, മലപ്പുറം ഹീറോസ്, തിരുവനന്തപുരം ടൈറ്റാൻസ്, തൃശൂർ ടസ്കേഴ്സ്, പാലക്കാട് പാന്തേഴ്സ്, കാസർകോട് റൈഡേഴ്സ്, എറണാകുളം ചലഞ്ചേഴ്സ് എന്നീ ടീമുകളാണ് സൂപ്പർ കപ്പിൽ മാറ്റുരക്കുന്നത്. നവംബർ 12, 13 തീയതികളിൽ ദുബൈ ഖിസൈസിൽ ലുലുവിനോട് ചേർന്ന ഡിറ്റർമിനേഷൻ ക്ലബ് സ്റ്റേഡിയത്തിലാണ് സൂപ്പർ കപ്പ് മത്സരങ്ങൾ അരങ്ങേറുക. വൈകീട്ട് അഞ്ച് മുതൽ രാത്രി 10 വരെ മത്സരം നീണ്ടുനിൽക്കും.
പാലക്കാട് പാന്തേഴ്സ്
എസ്സ ഗ്രൂപ്പ് ചെർപ്പുളശ്ശേരിയുടെ ടീമാണ് പാലക്കാടിനായി കളത്തിലിറങ്ങുന്നത്. സന്തോഷ് ട്രോഫി ഗോൾ കീപ്പർ ഷമീറാണ് ടീമിന്റെ നായകൻ. സന്തോഷ് ട്രോഫിയിൽ ഒഡിഷക്കായി കളത്തിലിറങ്ങിയ ഫയാസ്, കേരള പ്രീമിയർ ലീഗിലെ ബോസ്കോ താരം സാലിഹ്, കേരള യുനൈറ്റഡിന്റെ സിസ്വാൻ എന്നിവരാണ് ടീമിന്റെ നെടുംതൂണുകൾ. ഷബീറാണ് മാനേജർ.
കാസർകോട് റൈഡേഴ്സ്
യു.എ.ഇ ഫുട്ബാളിലെ പ്രധാന ടീമായ ജി.എഫ്.സി റെയ്ഞ്ചർ കോർണർ വേൾഡ് ഒറവങ്കരയുടെ നേതൃത്വത്തിലാണ് കാസർകോട് റൈഡേഴ്സ് കളത്തിലിറങ്ങുന്നത്. നായകൻ ആസഫിന് കീഴിൽ മികവുറ്റ നിരയുമായാണ് കാസർകോടിന്‍റെ പടയൊരുക്കം.ജാഫർ റൈഞ്ചർ, ആഷിഖ് പാച്ചാസ് എന്നിവരാണ് ടീം ഉടമകൾ. ഫാറൂഖ് റൈഞ്ചർ പരിശീലകൻ. റാഷിദ് കല്ലട്ര, മജീദ് മാസ്റ്റർ എന്നിവരാണ് മാനേജർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

