മീഡിയവൺ സ്റ്റാർഷെഫ്: അമ്മാറ സിദ്ദീഖ് ജേതാവ്
text_fieldsസ്റ്റാർ ഷെഫ് പാചക മത്സരത്തിന്റെ മൂന്നാം സീസണിൽ ജേതാക്കൾക്ക് സമ്മാനം വിതരണം ചെയ്യുന്നു
ദുബൈ: മീഡിയവൺ ദുബൈയിൽ നടത്തിയ സ്റ്റാർ ഷെഫ് പാചക മത്സരത്തിന്റെ മൂന്നാം സീസണിൽ കോഴിക്കോട് സ്വദേശി അമ്മാറ സിദ്ദീഖ് ജേതാവായി. ഉമ്മ സ്റ്റാർഷെഫ് പട്ടം നേടുന്ന വേദിയിൽ മകൻ ജൂനിയർ ഷെഫ് കിരീടം ചൂടുന്ന അപൂർവകാഴ്ചക്കും മത്സരവേദി സാക്ഷിയായി. രണ്ട് പ്രാഥമികഘട്ട മത്സരങ്ങളിൽനിന്ന് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പത്തുപേർ തമ്മിലാണ് മുഹൈസിന ലുലു വില്ലേജിൽ നടന്ന ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്.
വിധികർത്താക്കൾ നൽകുന്ന മിസ്റ്ററിബോക്സിൽനിന്നുള്ള ചേരുവകൾ കൊണ്ട് വേണം വിഭവമൊരുക്കാൻ. ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിൽ ജേതാവിനെ പ്രഖ്യാപിച്ചു. ഇതോടൊപ്പം നടന്ന ജൂനിയർ ഷെഫ് മത്സരത്തിൽ ഒന്നാമതെത്തിയത് സ്റ്റാർഷെഫായി തെരഞ്ഞെടുക്കപ്പെട്ട അമ്മാറ സിദ്ദീഖിന്റെ മകൻ അഹമ്മദ് യസാൻ. സ്റ്റാർഷെഫ് ഫൈനലിൽ വി.പി. ജസീന രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം അനീസ ജാഫറും ഉദയത്തും പങ്കിട്ടു. ജൂനിയർ ഷെഫിൽ അസീന ഫാത്തിമ രണ്ടാംസ്ഥാനവും സെനിയ സഅദ മൂന്നാം സ്ഥാനവും നേടി. ബട്ടർഫ്ലൈ ഗാർഡൻ എന്ന വിഷയത്തിൽ നടന്ന കേക്ക് ഡെക്കറേഷൻ മത്സരത്തിൽ തൃശൂർ സ്വദേശി ഫെമിന സുധീറിനാണ് ഒന്നാം സ്ഥാനം. ഈയിനത്തിൽ തസ്നീം ബഷീർ രണ്ടാംസ്ഥാനവും ഫസീല നൗഷാദ് മൂന്നാം സ്ഥാനവും നേടി. ആവേശകരമായ പുട്ട്തീറ്റ മത്സരത്തിൽ മണ്ണാർക്കാട് സ്വദേശി മുഹമ്മദ് സവാദ് ഒന്നാമതെത്തി.
നെല്ലറയുടെ സ്വർണനാണയമായിരുന്നു സമ്മാനം. പുട്ടടിയിൽ അജന്ത രണ്ടാംസ്ഥാനവും ഫസീല മൂന്നാംസ്ഥാനവും നേടി. ഷെഫ് പിള്ള, രാജ്കലേഷ്, ലുലു വില്ലേജ് ജനറൽ മാനേജർ പി.എ. സാദിഖ്, നെല്ലറ സെയിൽസ് മാനേജർ അനീസ്, ഷൈജു, മീഡിയവൺ ജനറൽ മാനേജർ സവ്വാബ് അലി, മീഡിയസൊലൂഷൻസ് സീനിയർ മാനേജർ ഷഫ്നാസ് അനസ് തുടങ്ങിയവർ ജേതാക്കൾക്ക് പുരസ്കാരങ്ങൾ കൈമാറി. പാചക മത്സരത്തിന്റെ ഇടവേളകൾക്ക് താളം പകർന്ന് അബൂദബി മെഹഫിൽ മുട്ടിപ്പാട്ട് സംഘം സ്റ്റാർഷെഫ് വേദിയെ കൂടുതൽ ആവേശമുറ്റതാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

