കഫത്തീരിയ രംഗത്തുള്ളവരുടെ ബിസിനസ് സംഗമം ‘മീഡിയവൺ ബിടുബി കണക്ട്’ 25ന്
text_fieldsദുബൈ: യു.എ.ഇയിൽ കഫത്തീരിയ, റസ്റ്റാറന്റ് മേഖലയിലെ സംരംഭകർക്കായി മീഡിയവൺ ബിസിനസ് സംഗമം ഒരുക്കുന്നു. ബിടുബി കണക്ട് എന്ന പേരിൽ ഈമാസം 25ന് ദുബൈയിലാണ് സംഗമം. ഗൾഫിലെ കഫത്തീരിയ, റസ്റ്റാറന്റ് ബിസിനസ് മേഖലയിലെ ശക്തമായ സാന്നിധ്യമാണ് മലയാളികൾ. പ്രവാസികൾ നിക്ഷേപത്തിന് ആഗ്രഹിക്കുന്ന ബിസിനസ് രംഗംകൂടിയാണിത്. ഈരംഗത്ത് വെന്നിക്കൊടി പാറിച്ചവർക്കൊപ്പം ചുവട്പിഴച്ചവരും നിരവധിയുണ്ട്. അവർക്കെല്ലാം പരസ്പരം ആശയങ്ങളും അനുഭവങ്ങളും അറിവും കൈമാറാൻ ബിടുബി കണക്ട് വേദിയാകുമെന്ന് മീഡിയവൺ ജി.സി.സി ജനറൽ മാനേജർ സ്വവ്വാബ് അലി പറഞ്ഞു.
വിവിധ ബിസിനസ് മേഖലകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മീഡിയവൺ ബിടുബി കണക്ട് എന്ന ആശയത്തിന് തുടക്കമിടുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് ഫുഡ് ആൻഡ് ബിവറേജസ് മേഖലക്കായി ബിസിനസ് സംഗമം ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈമാസം 25ന് വൈകീട്ട് നാല് മുതൽ ദേര പുൾമാൻ ദുബൈ ക്രീക്ക് സിറ്റിസെന്റർ ഹോട്ടലിലാണ് ബിസിനസ് സംഗമം. ഫുഡ് ആൻഡ് ബിവറേജ് രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകൾ, അനുബന്ധ വ്യവസായങ്ങൾ, പുതിയ ഉൽപന്നങ്ങൾ, മാർക്കറ്റിങ് സങ്കേതങ്ങൾ, എ.ഐ സാധ്യതകൾ എന്നിവയെക്കുറിച്ചെല്ലാം വിദഗ്ധർ സംസാരിക്കും.
പാനൽ ചർച്ചകൾക്കും സംശയനിവാരണത്തിനും സൗകര്യങ്ങളുണ്ടാകും. ദുബൈ മുനിസിപ്പാലിറ്റിയിലെ മുതിർന്ന ഫുഡ് സേഫ്റ്റി ഓഫിസർമാർമായ റഹീഫ് പി. ഹനീഫ, ഷാഫി അഷ്റഫ്, സെയിൽസ് ലീഡർഷിപ് കോച്ച് റിയാസ് ഹകീം, എക്സ്പോ 2020 ഫുഡ് ആൻഡ് ബിവറേജ് ഓപറേഷൻസ് ഡയറക്ടറും അവാർഡ് ജേതാവുമായ അവിനാഷ് മോഹൻ തുടങ്ങിയ വിദഗ്ധർ സംസാരിക്കും. ഭക്ഷ്യസുരക്ഷ വിദഗ്ധർ ഉൾപ്പെടെയുള്ളവർ ബിടുബി കണക്ടിൽ പങ്കെടുക്കും.ഫുഡ് ആൻഡ് ബിവറേജ് ബിസിനസ് രംഗത്തേക്ക് കടന്നുവരുന്നവർക്കും, ബിസിനസ് വിപുലമാക്കാൻ ആഗ്രഹിക്കുന്നവർക്കും പുതിയ അറിവുകൾ സമ്മാനിക്കുന്ന വേദികൂടിയായി ബിടുബി കണക്ട് മാറും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് +971 52 649 1855 എന്ന നമ്പറിൽ ബന്ധപ്പെടാം. രജിസ്ട്രേഷൻ സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

