വിദേശപഠനത്തിന് ദിശാബോധം നൽകി മീഡിയ വണ്‍ എജൂനെക്സ്റ്റ്
text_fieldsമീഡിയവണ്‍ എജൂനെക്സ്റ്റ് ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: വിദേശ ഉപരിപഠനം സ്വപ്നംകാണുന്ന യു.എ.ഇയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങളുമായി മീഡിയവണ്‍ എജൂനെക്സ്റ്റ്. ദുബൈയിൽ ഒരുക്കിയ ഗൈഡൻസ് പരിപാടി വിദ്യാർഥികളുടെ സ്വപ്നങ്ങൾക്ക് നിറം പകരുന്നതും രക്ഷിതാക്കൾക്ക് സംശയ നിവാരണത്തിനുള്ള വേദിയും കൂടിയായി മാറി. ദുബൈ അല്‍നഹ്ദ ലാവണ്ടര്‍ ഹോട്ടലില്‍ നടന്ന ചടങ്ങിൽ യു.എ.ഇയിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
വിദേശ വിദ്യാഭ്യാസ കണ്‍സൽട്ടന്‍സിയായ ആര്‍ക്കൈസ് സ്റ്റഡി അബ്രോഡുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഏറ്റവും മികച്ച പഠനാവസരങ്ങള് വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ എജൂനെക്സ്റ്റ് ഉദ്ഘാടനം ചെയ്തു. മാസ്റ്റര്‍ കണ്‍സൽട്ടന്റും വിദ്യാഭ്യാസ വിദഗ്ധനുമായ ദിലീപ് രാധാകൃഷ്ണന് കൗണ്‍സലിങ്ങിന് നേതൃത്വം നല്കി.
പ്ലസ് ടുവിന് ശേഷം ബാച്ചിലര്‍ ഡിഗ്രി വിദേശത്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ക്കും ഡിഗ്രിക്ക് ശേഷം മാസ്റ്റേഴ്സ് പഠനം വിദേശത്താക്കണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ക്കും ഡിഗ്രി കഴിഞ്ഞ് ദുബൈയില്‍ ജോലിചെയ്യുന്ന ഉന്നതപഠനം സ്വപ്നം കാണുന്നവര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന വിധമാണ് ഈ പോഗ്രാം വിഭാവനം ചെയ്തിരുന്നത്. ആസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ, യു.എസ്.എ, യു.കെ, യൂറോപ്യന്‍ യൂനിയന്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യവും പരിപാടിയിലുണ്ടായി. സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്റ് മുഖേന വിദേശ യൂനിവേഴ്സിറ്റികളില്‍നിന്ന് ഓഫര്‍ ലെറ്റര്‍ നേടാൻ ക്യാമ്പിൽ സൗകര്യമൊരുക്കിയതും നിരവധി വിദ്യാർഥികൾ പ്രയോജനപ്പെടുത്തി.
രാജ്യാന്തര തലത്തിലെ മികച്ച റാങ്കിലുള്ള യൂനിവേഴ്സിറ്റികളെയും പഠനത്തിന് അനുയോജ്യമായ സാഹചര്യങ്ങളുള്ള രാജ്യങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ഗൈഡന്‍സ് ഏറെ പ്രയോജനപ്പെട്ടതായി വിദ്യാർഥികളും രക്ഷിതാക്കളും പറഞ്ഞു. നേരത്തെ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കു പുറമെ സ്പോട്ട് രജിസ്ട്രേഷനിൽ എത്തിയ കുട്ടികളും സംബന്ധിച്ചു. പ്രവേശനം സൗജന്യമായിരുന്നു.
ഗൾഫ് മാധ്യമം-മീഡിയവൺ ജി.സി.സി ഡയറക്ടർ സലീം അമ്പലൻ അധ്യക്ഷത വഹിച്ചു. മീഡിയവൺ- ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അമീർ സവാദ്, മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ. നാസർ, മീഡിയവൺ ഡിജിറ്റൽ മീഡിയ സൊലൂഷൻ എ.ജി.എം ഹസനൈൻ അഹമദ് ഫാറൂഖി എന്നിവർ സന്നിഹിതരായിരുന്നു. മീഡിയവൺ യു.എ.ഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ശംസുദ്ദീന്‍ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

