
മീഡിയ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ മീഡിയ ലയൺസ് ടീം ഫീനിക്സ് യാക്കോബിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
മാധ്യമപ്രവർത്തകരുടെ ക്രിക്കറ്റ്: മീഡിയ ലയൺസ് ജേതാക്കൾ
text_fieldsദുബൈ: യു.എ.ഇയിലെ ഇന്ത്യൻ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി നടത്തിയ യാക്കോബ്സ് വെൽത്തി ഹോസ്പിറ്റാലിറ്റി ട്രോഫി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ മീഡിയ ലയൺസ് ചാമ്പ്യന്മാരായി. ഷാർജ വിക്ടോറിയ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മീഡിയ ടൈഗേഴ്സിനെ ആറു വിക്കറ്റിനാണ് മീഡിയ ലയൺസ് പരാജയപ്പെടുത്തിയത്.
മീഡിയ ലയൺസ് ടീമിനെ ഷിഹാബ് അബ്ദുൽ കരീമും മീഡിയ ടൈഗേഴ്സിനെ ജോമി അലക്സാണ്ടറുമാണ് നയിച്ചത്. 35 റൺസ് എടുക്കുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മീഡിയ ലയൺസ് താരം സുജിത്ത് സുന്ദരേശനാണ് മത്സരത്തിലെ താരം. ജോമി അലക്സാണ്ടർ, സനീഷ് നമ്പ്യാർ എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾ നേടി. ചാമ്പ്യന്മാർക്ക് യാക്കോബ്സ് വെൽത്തി ഹോസ്പിറ്റാലിറ്റി മാനേജിങ്ങ് ഡയറക്ടർ ഫീനിക്സ് യാക്കോബ് ട്രോഫിയും ക്യാഷ് അവാർഡും നൽകി. സുരേഷ് പുന്നശ്ശേരിൽ, ചാക്കോ ഊളക്കാടൻ എന്നിവർ മറ്റ് സമ്മാനങ്ങൾ നൽകി.
വിക്ടോറിയ ക്രിക്കറ്റ് അക്കാദമി ഡയറക്ടർ കെ.കെ. നജീബ് താരങ്ങളെ പരിചയപ്പെട്ടു. തൻസി ഹാഷിർ, വനിത വിനോദ്, ജസിത സഞ്ജിത്ത്, ശാന്തിനി മേനോൻ എന്നിവർ അനുഗമിച്ചു. കൂട്ടായ്മയിലെ മുതിർന്ന അംഗങ്ങളായ രാജു മാത്യു, എൽവിസ് ചുമ്മാർ, എം.സി.എ. നാസർ, ഭാസ്കർ രാജ്, കബീർ എടവണ്ണ എന്നിവർ ചാമ്പ്യൻഷിപ്പുമായി സഹകരിച്ചവർക്ക് ഉപഹാരങ്ങൾ നൽകി. വിക്ടോറിയ ക്രിക്കറ്റ് അക്കാദമി, പെഗാസിസ് ക്രിക്കറ്റ് ക്ലബ് എന്നിവയുടെ സാങ്കേതിക സഹകരണത്തോടെയാണ് മത്സരം നടത്തിയത്. ക്രിക്കറ്റ് വിദഗ്ധൻ മനോജ് പിള്ള മാച്ച് റഫറിയായിരുന്നു. ലുലു ഗ്രൂപ്പ്, ഉസ്താദ്ഹോട്ടൽ, ഗ്ലോബൽ മീഡിയ ഹബ്, കോസ്മോസ് സ്പോർട്സ് ആഡ് സ്പീക്ക് ഇവന്റ്സ്, എസ്.പി.എസ്.എ ക്രിക്കറ്റ് അക്കാദമി എന്നിവയും ചാമ്പ്യൻഷിപ്പുമായി സഹകരിച്ചു. കോർഡിനേറ്റർമാരായ രാജു മാത്യു, ഷിനോജ് ഷംസുദ്ദിൻ, സുജിത്ത് സുന്ദരേശൻ, സ്പോർട്സ് കൺവീനർ റോയ് റാഫേൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
