മാധ്യമ നവീകരണ മുന്നേറ്റത്തിന് നേരമായി –ശശികുമാർ
text_fieldsദുബൈ: ഇന്ത്യൻ മാധ്യമ മേഖല കനത്ത വിശ്വാസ തകർച്ചയെ അഭിമുഖീകരിക്കുകയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും ചെന്നൈ ഏഷ്യൻ കോളജ് ഒഫ് ജർണലിസം സ്ഥാപകനുമായ ശശികുമാർ. ജനങ്ങൾക്കിടയിൽ അവിശ്വാസം പടർത്തിയതിന് പെയിഡ് ന്യൂസും പരസ്യ ന്യൂസും,കെട്ടിച്ചമച്ച വാർത്തകളുമെല്ലാം നൽകി നിരുത്തരവാദപരമായി നീങ്ങുന്ന മാധ്യമങ്ങൾ തന്നെയാണ് കാരണക്കാരെന്നും ചിരന്തന^യു.എ.ഇ എക്സ്ചേഞ്ച് പി.വി. വിവേകാനന്ദ് സ്മാരക അന്താരാഷ്ട്ര മാധ്യമ വ്യക്തിത്വ പുരസ്കാരം ഏറ്റുവാങ്ങുന്നതിനു മുന്നോടിയായി അദ്ദേഹം ദുബൈയിൽ പറഞ്ഞു. ജനങ്ങൾക്ക് ആവശ്യമുള്ളതും അവരെ രസിപ്പിക്കുന്നതുമായ വിഭവങ്ങൾ വിളമ്പുകയല്ല ജേർണലിസം.
ജനാധിപത്യത്തിെൻറ ഏജൻറ് ആവുക എന്ന വലിയ ഉത്തരവാദിത്വം കൈയൊഴിഞ്ഞിരിക്കുന്നു പല മാധ്യമങ്ങളും. ധീരമായ മാധ്യമ പ്രവർത്തനം നടത്തുന്നതിന് സ്ഥാപനങ്ങൾക്ക് ശക്തമായ സാമ്പത്തിക പിൻബലം ആവശ്യം തന്നെയാണ്. പക്ഷെ ലാഭം നേടാനുള്ള വ്യവസായം മാത്രമായി ഇതിനെ മാറ്റിയെടുത്തത് തികഞ്ഞ അപചയമാണ്. മാധ്യമ സ്ഥാപനങ്ങൾ വളരുകയും മാധ്യമ പ്രവർത്തനം തളരുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. സ്വയം ശവക്കുഴി തോണ്ടുന്ന മാധ്യമ രംഗത്തെ നവീകരിക്കാൻ ഒരു മുന്നേറ്റം അനിവാര്യമായിരിക്കുന്നു. ഇതിനു ജനങ്ങൾ മുൻകൈയെടുക്കണം. മുൻകാലങ്ങളിൽ ഇടപെടലുകൾക്കും തിരുത്തിലിനും ക്രിയാത്മക വിമർശനത്തിനും കരുത്തുള്ള ധൈഷണികർ എല്ലാ മേഖലകളിലും ഉണ്ടായിരുന്നു. ഇന്ന് അവരുടെ സ്ഥാനം സിനിമാ താരങ്ങളും ആൾ ദൈവങ്ങളും കൈയടക്കിയിരിക്കുന്നു.
ജനങ്ങളെ നേരിട്ടു ബാധിച്ച നോട്ടുനിരോധ പ്രശ്നത്തെക്കുറിച്ച് മാധ്യമങ്ങൾ അഭിപ്രായം തേടുന്നത് രവിശങ്കറിനെയും സദ്ഗുരുവിനെയും പോലുള്ള ആൾദൈവങ്ങളോടാണ്. പല മാധ്യമ സ്ഥാപനങ്ങളും ഇത്തരം ആളുകളുടെ കണക്കറ്റ പണമാണ് അവരുടെ വ്യവസായങ്ങളിലിറക്കുന്നത്. പത്രങ്ങളെക്കുറിച്ചുള്ള സത്യങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടാതെ പോകുന്നു. ഒാൺലൈൻ മാധ്യമങ്ങളും ബ്ലോഗർമാരുൾപ്പെടെ സാമൂഹിക മാധ്യമങ്ങളുമാണ് ഒരു പരിധിവരെ ധീരമായ പ്രവർത്തനം ചെയ്യുന്നത്. യുദ്ധമേഖലകളിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യുന്നത് അവിടുത്തെ ബ്ലോഗർമാരെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളെയും അവലംബിച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് ന്യൂസ് മുൻ അസോസിയേറ്റ് എഡിറ്റർ ഡോ. എൻ.കെ. രവീന്ദ്രനും സംസാരിച്ചു. അവാർഡ് വിതരണ ചടങ്ങിൽ ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഫൗണ്ടേഷൻ പ്രതിനിധി മുഹമ്മദ് ഹുസൈൻ മുറാദ് ശശികുമാറിനെ പൊന്നാട അണിയിച്ചു.
യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് പ്രസിഡൻറ് വൈ. സുധീർ കുമാർ ഷെട്ടി, എൻ.എം.സി ഗ്രൂപ്പ് സി.ഇ.ഒ പ്രശാന്ത് മാങ്ങാട്ട്, ഇറം ഗ്രൂപ്പ് ഡയറക്ടർ രാജേന്ദ്രൻ എന്നിവർ പുരസ്കാര പ്രശസ്തി പത്രവും ശിൽപവും അവാർഡ് ചെക്കും കൈമാറി. അനൂപ് വിവേകാനന്ദ്, കെ.കെ. മൊയ്തീൻ കോയ, അഹ്മദ് ഷൗഖി, സി.കെ മജീദ്, ഫിറോസ് തമന്ന തുടങ്ങിയവർ സംബന്ധിച്ചു. അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച മാധ്യമ പ്രവർത്തകനായ പി.വി.വിവേകാനന്ദെൻറ സ്മരണാർഥം നൽകുന്ന അവാർഡിെൻറ രണ്ടാം എഡീഷനാണിത്. ഗൾഫ്മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ആയിരുന്നു ആദ്യ അവാർഡ് ജേതാവ്. ചിരന്തന മാധ്യമ പുരസ്കാരങ്ങൾ ജെയ്മോൻ ജോർജ്, സജില ശശീന്ദ്രൻ,െഎപ്പ് വള്ളിക്കാടൻ, അരുൺ കുമാർ, തൻസി ഹാഷിർ, മിനീഷ് കുമാർ എന്നിവർ ഏറ്റുവാങ്ങി.