വനിത പ്രതിഭകൾ അനുഭവങ്ങൾ പങ്കിടുന്ന ‘ഹെർ സ്റ്റോറി’യുമായി മീഡിയവൺ
text_fieldsദുബൈ: പ്രവാസഭൂമിയിലെ വ്യത്യസ്ത മേഖലകളിൽ വേറിട്ട ചരിത്രം കുറിച്ച വനിതകൾ ദുബൈയിൽ മനസ്സ് തുറക്കുന്നു. ഈമാസം 26 ന് ‘ഹെർ സ്റ്റോറി’ എന്ന പേരിൽ മീഡിയവൺ ഒരുക്കുന്ന പരിപാടിയിൽ വനിതാ പ്രതിഭകൾ തങ്ങളുടെ വിജയഗാഥകളും നേരിട്ട വെല്ലുവിളികളും പങ്കുവെക്കും. ദുബൈ അക്കാദമിക് സിറ്റിയിലെ ഡീ മോണ്ട്ഫോർട്ട് യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിലാണ് മീഡിയവൺ ഹെർ സ്റ്റോറിക്ക് വേദിയൊരുക്കുന്നത്. മേയ് 26ന് വൈകീട്ട് നാല് മുതൽ ആരംഭിക്കുന്ന പരിപാടിയിൽ പ്രതിഭകൊണ്ട് പ്രചോദിപ്പിച്ച വനിതകൾ സദസ്സിന് മുന്നിൽ മനസ്സ് തുറക്കും.
വ്യത്യസ്ത രംഗങ്ങളിൽ സ്ത്രീകളുടെ പാദമുദ്ര പതിപ്പിക്കുകയും അവിടെ പ്രതിസന്ധികളെ തരണം ചെയ്ത് വിജയിക്കുകയും ചെയ്തവരാണ് ‘ഹെർ സ്റ്റോറി’യിൽ സദസ്സിനോട് സംവദിക്കാൻ എത്തുന്നത്. നിരവധി പേർക്ക് ഇവർ പ്രചോദനമാകും എന്നത് കൊണ്ടാണ് മീഡിയവൺ ഇത്തരമൊരു വേദിയൊരുക്കുന്നതെന്ന് മിഡിലീസ്റ്റ് ജനറൽ മാനേജർ സവാബ് അലി പറഞ്ഞു.
ചലച്ചിത്രതാരവും റേഡിയോ അവതാരകയുമായ നൈല ഉഷ ഹെർ സ്റ്റോറിയുടെ ഉദ്ഘാടനം നിർവഹിക്കും. യു.എ.ഇയിലെ ആദ്യ വനിത എയർക്രാഫ്റ്റ് എൻജിനീയർ സുആദ് ആൽ ശംസി, ലൈഫ് ഇൻഫ്ലുവൻസർ മോന തജർബി, മലയാളഭാഷയെ വരുതിയിലാക്കിയ ഇമറാത്തി സഹോദരിമാരായ മറിയം അൽ ഹിലാലി, നൂറ അൽ ഹിലാലി, ഫുഡ് എ.ടി.എം സ്ഥാപക ഐഷ ഖാൻ, സെലിബ്രിറ്റി ഷെഫ് ജുമാന ഖാദിരി, ഖലീജ് ടൈംസ് ഹാപ്പിനസ് എഡിറ്റർ നസ്റീൻ അബ്ദുല്ല തുടങ്ങിയവർ ഹെർ സ്റ്റോറിയുടെ ഭാഗമാകാനെത്തും. വിവിധ കലാപ്രകടനങ്ങൾക്കും വേദി സാക്ഷിയാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് herstory.mediaoneonline.com എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

