ലഹരിമുക്തി നേടിയവർക്ക് കൈത്താങ്ങായി ‘മസാർ വെൽനസ്’
text_fields‘മസാർ വെൽനസ്’ പ്രഖ്യാപന ചടങ്ങിൽനിന്ന്
ദുബൈ: ലഹരിമുക്തി നേടിയവർക്ക് കൈത്താങ്ങായി യു.എ.ഇയിലെ ആദ്യത്തെ ദേശീയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘മസാർ വെൽനസ്’ നിലവിൽ വന്നു. ദുബൈ പോലീസ്, ദുബൈ പബ്ലിക് പ്രോസിക്യൂഷൻ, കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി, ഇരാദ സെന്റർ ഫോർ ട്രീറ്റ്‌മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ എന്നീ നാല് സർക്കാർ സ്ഥാപനങ്ങൾ ചേർന്നാണ് ഈ സംരംഭം ആരംഭിച്ചത്. ചികിത്സ, പുനരധിവാസം, സമൂഹത്തിലേക്കുള്ള തിരിച്ചുവരവ്, ശാക്തീകരണം എന്നീ ഘട്ടങ്ങളിൽ വ്യക്തികൾക്ക് ആവശ്യമായ തുടർച്ചയായ പിന്തുണയും മേൽനോട്ടവും ഉറപ്പാക്കുക എന്നതാണ് ഈ ഏകീകൃത ഡിജിറ്റൽ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.
ചികിത്സ പൂർത്തിയായതിന് ശേഷവും വ്യക്തികൾക്ക് ആവശ്യമായ സാമൂഹികവും മാനസികവും തൊഴിൽപരവുമായ പിന്തുണ ഈ പ്ലാറ്റ്‌ഫോം നൽകുന്നു. വിവിധ സ്ഥാപനങ്ങൾ തമ്മിൽ വിവരങ്ങൾ സുരക്ഷിതമായി കൈമാറാനും വ്യക്തികളുടെ ചികിത്സാ പുരോഗതി കൃത്യമായി നിരീക്ഷിക്കാനും ഈ സംവിധാനം സഹായിക്കുന്നു. ഇതുവഴി ചികിത്സയിൽ വീഴ്ചകൾ സംഭവിക്കുന്നത് തടയാനാകും. വ്യക്തികൾക്ക് കുടുംബജീവിതത്തിലേക്കും തൊഴിൽമേഖലയിലേക്കും സുഗമമായി തിരിച്ചെത്താനുള്ള അവസരമൊരുക്കാനും കഴിയുമെന്ന് അധികൃതർ അറിയിച്ചു.
ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ആളുകളെ കേന്ദ്രീകരിച്ചുള്ള മികച്ച സേവനങ്ങൾ നൽകാനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ലഹരിമുക്തരായവർക്ക് സമൂഹത്തിൽ സജീവ പങ്കാളിത്തം വഹിക്കാനും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാനും പദ്ധതി സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

