ഷാർജ സുയൂഹിൽ മസാർ ഡിസ്കവറി സെന്റർ തുറന്നു
text_fieldsമസ്ദാർ ഡിസ്കവറി സെന്ററിലെത്തിയ ഷാർജ കിരീടാവകാശി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, അരാദ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമി, വൈസ് ചെയർമാൻ പ്രിൻസ് ഖാലിദ് ബിൻ അൽവലീദ് ബിൻ തലാൽ എന്നിവർ
ഷാർജ: പ്രമുഖ ബിൽഡർമാരായ അരാദയുടെ പുതിയ റെസിഡൻഷ്യൽ പദ്ധതിയായ മസാർ ഡിസ്കവറി സെന്റർ ഷാർജ സുയൂഹിൽ തുറന്നു. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
അരാദ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമി, വൈസ് ചെയർമാൻ പ്രിൻസ് ഖാലിദ് ബിൻ അൽവലീദ് ബിൻ തലാൽ തുടങ്ങിയവർ പങ്കെടുത്തു.
മസാർ ഡിസ്കവറി സെന്ററിന് സമീപത്തെ വിനോദകേന്ദ്രങ്ങളും തുറന്നുകൊടുത്തു. കുട്ടികളുടെ കളിസ്ഥലം, ആംഫി തിയറ്റർ, വാട്ടർ േപ്ല ഏരിയ, സ്കേറ്റിങ് പാർക്ക് സാദ് ഫുഡ് ട്രക്ക് പാർക്ക് എന്നിവയും തുറന്നിട്ടുണ്ട്.
പ്രകൃതിസംരക്ഷണവും സൗന്ദര്യവത്കരണവും മുൻനിർത്തി പച്ചപ്പ് നിറച്ചാണ് നിർമാണം. പൂർത്തീകരിച്ച ആദ്യ വീടായ മസാർ ഷോ വില്ലയും തുറന്നു. മരങ്ങളും പച്ചപ്പും നിറഞ്ഞ നടപ്പാതയിലൂടെയാണ് ഇവിടേക്കുള്ള പ്രവേശനം. കെട്ടിടത്തിന്റെ ഏത് ഭാഗത്തുനിന്ന് നോക്കിയാലും വനപ്രദേശം കാണാം. പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ താമസിക്കാനും ആസ്വദിക്കാനും കഴിയുന്ന രീതിയിലാണ് സജ്ജീകരണം. ഈ കാഴ്ചകൾ കാണാൻ രണ്ട് നില ഉയരത്തിൽ ചില്ലിലാണ് മുൻവശം.
മസാറിന് ഇത് സുപ്രധാന നിമിഷമാണെന്നും കുടുംബങ്ങളുടെ വിനോദകേന്ദ്രമായി ഇത് മാറുമെന്നും ശൈഖ് സുൽത്താൻ ബിൻ അഹ്മദ് അൽ ഖാസിമി പറഞ്ഞു. യു.എ.ഇയുടെ ഏത് ഭാഗത്തും ലഭിക്കാത്ത ജീവിതശൈലിയും ജീവിത രീതിയുമായിരിക്കും മസാറിലേതെന്ന് നേരത്തേ വാഗ്ദാനം ചെയ്തിരുന്നെന്നും ആ വാഗ്ദാനം നടപ്പാക്കാൻ തുടങ്ങിയിരിക്കുകയാണെന്നും പ്രിൻസ് ഖാലിദ് ബിൻ അൽ വലീദ് ബിൻ തലാൽ പറഞ്ഞു.
മസാർ ബഫർ സോൺ ഡിസംബറോടെ പൂർത്തിയാകുമെന്ന് കരുതുന്നു. ആയിരക്കണക്കിന് മരങ്ങളും ജോഗിങ്, സൈക്ലിങ് ട്രാക്കുകളും അടങ്ങിയ പദ്ധതി ഷാർജ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പദ്ധതിയാണ്. 19 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള പദ്ധതിയിൽ 4,000 വില്ലകളും ടൗൺ ഹൗസുകളും ഉൾപ്പെടും. ആദ്യ ബാച്ച് വീടുകൾ 2023ന്റെ ആദ്യ പാദത്തിൽ കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

