വടക്കൻ, തെക്കൻ ഗവർണറേറ്റുകളിൽ പ്രസവാശുപത്രി വേണം; ആശങ്കയറിയിച്ച് എം.പിമാർ
text_fieldsസൽമാനിയ മെഡിക്കൽ കോംപ്ലക്സ്
മനാമ: വടക്കൻ ഗവർണറേറ്റിലും തെക്കൻ ഗവർണറേറ്റിലും പ്രസവാശുപത്രികളില്ലാത്തതിൽ ആശങ്കയറിയിച്ച് എം.പിമാർ. ഇരു ഗവർണറേറ്റിലേയും ആശുപത്രികളുടെ അഭാവം മെഡിക്കൽ സൗകര്യങ്ങൾ കൃത്യസമയത്ത് ലഭിക്കാതിരിക്കാൻ കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എം.പിമാർ പ്രതികരിച്ചത്.
തലസ്ഥാന ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ജിദ്ഹാഫ്സ് മെറ്റേണിറ്റി ഹോസ്പിറ്റലിലേക്കും സൽമാനിയ മെഡിക്കൽ കോംപ്ലക്സിലേക്കുമുള്ള ദൂരക്കൂടുതൽ മൂലം സ്ത്രീകൾ വാഹനത്തിൽ വെച്ച് വരെ പ്രസവിക്കാൻ കാരണമായതായും എം.പിമാർ പറഞ്ഞു. എം.പിമാർ പ്രകടിപ്പിച്ച ആശങ്ക കൗൺസിലർമാരും ശരിവെച്ചിട്ടുണ്ട്. മേൽ പറഞ്ഞ ആശങ്കകൾക്ക് പുറമേ നിലവിലുള്ള രണ്ട് ആശുപത്രികളിലേയും തിരക്കും രോഗികളുടെ എണ്ണക്കൂടുതലും ചൂണ്ടിക്കാട്ടി ഇരു ഗവർണറേറ്റുകൾക്കും സേവനം നൽകുന്ന ഒരു പ്രസവാശുപത്രി സ്ഥാപിക്കണമെന്ന് പാർലമെന്റ് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി വൈസ് ചെയർമാൻ ഹസ്സൻ ഇബ്രാഹിം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രതികരണം. നിലവിൽ നിർദേശം അവലോകനത്തിനായി തെക്കൻ, വടക്കൻ മുനിസിപ്പൽ കൗൺസിലുകൾക്ക് അയച്ചിട്ടുണ്ട്.
സൗകര്യങ്ങൾ നവീകരിക്കുന്നതിനും ഗർഭിണികൾക്ക് കൂടുതൽ എളുപ്പത്തിൽ ചികിത്സ ലഭ്യമാക്കുന്നതിനും ഇരു ഗവർണറേറ്റുകൾക്കും ഒരുപോലെ എളുപ്പത്തിൽ എത്താൻ കഴിയുന്ന സ്ഥലമായ സായിദ് ടൗണിൽ ഒരു പ്രസവാശുപത്രി സ്ഥാപിക്കാൻ ഇരു കൗൺസിലുകളും നിർദേശിച്ചിട്ടുമുണ്ട്. പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികളെ പ്രസവത്തിനായി ആശ്രയിക്കുന്നതിലുള്ള ആശങ്ക തെക്കൻ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫും പ്രകടിപ്പിച്ചു. ആരോഗ്യ ഇൻഷുറൻസ് പദ്ധതി വന്നാലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിൽനിന്ന് ജനങ്ങൾ വിട്ടുനിൽക്കും. ഉയർന്ന പ്രസവ ചെലവാണ് ഇതിനുകാരണം. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഒരു നിർദേശത്തിൽ, ചില പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രവാസി സ്ത്രീകളെ പ്രസവത്തിനായി സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യണമെന്ന നിബന്ധനയുണ്ട്.
സാധാരണ പ്രസവത്തിന് സ്വകാര്യ ആശുപത്രികൾ ഏകദേശം 350 ദീനാറാണ് ഈടാക്കുന്നത്. ഓപറേഷൻ വിഭാഗത്തിന് 700 ദീനാറോ അതിൽ കൂടുതലോ ഈടാക്കുന്നു. അതേസമയം സൽമാനിയ മെഡിക്കൽ കോളജിൽ സാധാരണ പ്രസവത്തിന് 150 ദീനാർ മാത്രമാണ് ഈടാക്കുന്നത്. ബഹ്റൈനികൾക്കോ ബഹ്റൈനി പൗരന്മാരെ വിവാഹം കഴിച്ച വിദേശി സ്ത്രീകൾക്കോ പ്രസവ സേവനങ്ങൾ സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

