‘മിഷൻ വിങ്സ് ഒാഫ് കംപാഷന്‍’ പിന്തുണ ഏറുന്നു; ടിക്കറ്റിന് അപേക്ഷപ്രവാഹം
text_fieldsദുബൈ: നാട്ടിലേക്ക് മടങ്ങാൻ വഴികാണാതെ പ്രതിസന്ധിയിലായ പ്രവാസികൾക്ക് കരുതലേകാൻ വിദേശ മലയാളിസമൂഹത്തിെൻറ മുഖപത്രമായ ഗൾഫ്മാധ്യമവും മീഡിയവണും ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷന്‍’ ഉജ്ജ്വല പ്രതികരണം. നാട്ടിലേക്ക് മടങ്ങാൻ എംബസികൾ അനുമതി നൽകിയിട്ടും സാമ്പത്തിക പ്രയാസമുള്ള ആളുകൾക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതിന് സഹൃദയരുടെയും വ്യവസായ സമൂഹത്തിെൻറയും പിന്തുണയോടെ ഒരു മാധ്യമസ്ഥാപനം മുന്നോട്ടുവന്നത് ഇതാദ്യമാണ്.
അതത് എംബസികളിൽ തിരിച്ചുപോക്കിനായി രജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് madhyamam.com, mediaonetv.in സൈറ്റുകൾ മുഖേന ടിക്കറ്റിനായി അപേക്ഷിക്കാം. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോകപ്രശസ്ത ഇന്ത്യൻ ബ്രാൻഡുകളും ശ്രദ്ധേയരായ വ്യവസായ നായകരും മുതൽ സാധാരണക്കാരായ പ്രവാസികളും സ്കൂൾ കുട്ടികളുമെല്ലാം ഇൗ ദൗത്യവുമായി സഹകരിക്കുന്നുണ്ട്.
ആർ.പി ഗ്രൂപ് ചെയർമാനും നോർക്ക ഡയറക്ടറുമായ ഡോ. രവി പിള്ള 150 പേരെ നാട്ടിലെത്തിക്കാനുള്ള ടിക്കറ്റുകൾ നൽകും. അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച ഇന്ത്യൻ ബ്രാൻഡായ ഇൗസ്റ്റേൺ കോണ്ടിമെൻറ്സ് നൂറുപേരെ നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കും. ഖത്തറിലെ മുൻനിര കൺസൾട്ടൻസി സ്ഥാപനമായ ബീവു ഇൻറർനാഷനൽ നൂറുപേർക്ക് ടിക്കറ്റുകൾ നൽകും. ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ സഹസ്ഥാപകനും കെഫ് ഹോൾഡിങ്സ് ചെയർമാനുമായ ഫൈസൽ ഇ. കൊട്ടിക്കോളൻ ഒരു സംഘം പ്രവാസികളുടെ ടിക്കറ്റുകൾ നൽകും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, കൗൺസിൽ വൈസ് പ്രസിഡൻറും ഷാർജ ധന്യ ഗ്രൂപ് എം.ഡിയുമായ ജോൺ മത്തായി, ഇൻകാസ് നേതാവ് എം.ജി. പുഷ്പൻ, സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്, ഹോട്പാക് പാക്കേജിങ്, ചിക്കിങ്, നെല്ലറ ഗ്രൂപ്, എമിറേറ്റ്സ് ഫസ്റ്റ്, ഇംപെക്സ് ടെക്നോളജീസ്, ബ്രാഡ്മാ, അറ്റാസ്കോ, അസിം ടെക്നോളജി, അൽ ഇർഷാദ് കമ്പ്യൂേട്ടഴ്സ്, സഫ മിനിറൽ വാട്ടർ തുടങ്ങിയവരും മിഷന് പിന്തുണ നൽകുന്നുണ്ട്.
പെരുന്നാൾ കോടിക്കുള്ള പണം പ്രവാസികളുടെ ടിക്കറ്റിനായി സംഭാവന നൽകിയ കുരുന്നുകളുടെ മാതൃക വരും ദിവസങ്ങളിൽ കൂടുതൽ പേർ ഏറ്റെടുക്കും. അതേസമയം മാസങ്ങളായി ജോലി നഷ്ടപ്പെട്ടവരും തൊഴിലന്വേഷണത്തിന് സന്ദർശക വിസയിൽ എത്തി കുടുങ്ങിയവരും കുടുംബങ്ങളുമടക്കം ആയിരക്കണക്കിനാളുകളാണ് ടിക്കറ്റിനായി സഹായം തേടുന്നത്.
മുഖ്യമന്ത്രിയുടെ പ്രശംസ
തിരുവനന്തപുരം: വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നവരില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഗള്‍ഫ് മാധ്യമവും മീഡിയവണും ചേര്‍ന്നൊരുക്കുന്ന വിങ്സ് ഓഫ് കംപാഷൻ അടക്കം സംരംഭങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രശംസ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്തസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
‘മിഷന് വിങ്സ് ഓഫ് കംപാഷന്‍’ എന്ന പേരില്‍ 600 പേര്‍ക്ക് വിമാനടിക്കറ്റ് നല്‍കുമെന്ന് ഗള്‍ഫ് മാധ്യമം ദിനപത്രവും മീഡിയവണ്‍ ചാനലും അറിയിച്ചതായും ഇത്തരം സംരംഭങ്ങൾ പ്രശംസാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
