ജീവിത സ്വപ്നങ്ങള്‍ തീഗോളങ്ങള്‍ വിഴുങ്ങിയ നൊമ്പരത്തില്‍ മലയാളികള്‍
text_fieldsസഈദിന്റെ ഉടമസ്ഥതയിലുള്ള നസീബ് കഫ്തീരിയ കത്തിനശിച്ച നിലയിൽ
അജ്മാന്: ജീവിത സ്വപ്നങ്ങള്‍ തീഗോളങ്ങള്‍ വിഴുങ്ങിയതിന്റെ നൊമ്പരത്തിലാണ് മൂന്ന് മലയാളികള്‍. അജ്മാന് സനാഇയയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചയുണ്ടായ തീപിടിത്തമാണ് ഈ മലയാളികളുടെ ജീവിത സ്വപ്നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്തിയത്.
കോഴിക്കോട് നാദാപുരം വാണിമേല്‍ സ്വദേശി സഈദിന്റെ ഉടമസ്ഥതയിലുള്ള നസീബ് കഫറ്റീരിയയില്‍ ഇദ്ദേഹമടക്കം നാലു പേരാണ് ജീവിതോപാധി തേടുന്നത്. സഈദിനെ കൂടാതെ മലപ്പുറം സ്വദേശികളായ രണ്ടുപേരും ഒരു ബംഗാളിയും. രാത്രി രണ്ടുമണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളതാണ് സഈദിന്റെ കഫറ്റീരിയ.
വെള്ളിയാഴ്ച പുലര്‍ച്ച കടയടച്ച് രണ്ടരയോടെയാണ് സഈദ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകുന്നത്. തീ പിടിച്ച വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തുമ്പോള്‍ റോഡിന് അപ്പുറത്തുള്ള ഓയില്‍ ടാങ്കിന് മാത്രമാണ് തീപിടിച്ചിരുന്നത്.
ഓയില്‍ കമ്പനിയുടെ സമീപം പാര്‍ക്ക് ചെയ്തിരുന്ന ടാങ്കറിനു തീ പിടിച്ചതോടെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് സഈദ് വിവരിക്കുന്നു. ടാങ്കറില്‍ ഉണ്ടായിരുന്ന ഓയില്‍ ഒഴുകി തങ്ങളുടെ കടക്കു സമീപത്തേക്ക് എത്തുകയായിരുന്നു. ഒഴുകിയ ഓയിലിനും തീപിടിച്ചതോടെ തീ കടയിലേക്കും പടർന്നു.
സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളും കടയും പൂര്‍ണമായും കത്തി നശിച്ചു. കടയുടെ മുകളില്‍ ഉണ്ടായിരുന്ന താമസകേന്ദ്രവും കത്തിയെരിഞ്ഞു. ഒന്നും എടുക്കാന്‍ കഴിയാതെ മൂകസാക്ഷിയായി നോക്കി നില്ക്കേണ്ടിവന്നു.
ഏഴു വർഷം മുമ്പാണ് സഈദ് ഈ സ്ഥാപനം ഒരുക്കൂട്ടുന്നത്. പ്രാരബ്ധം പിന്നിടുമ്പോഴേക്കും കോവിഡ് എത്തി പ്രതിസന്ധിയിലായെങ്കിലും ഇദ്ദേഹം പിടിച്ചു നിന്നു. തന്നെപ്പോലെ കൂടെയുള്ളവരും ഈ സ്ഥാപനംകൊണ്ട് ജീവിക്കുന്നുണ്ടല്ലോ എന്നോര്‍ത്താണ് പൊരുതിനിന്നത്.
പാതിരാവില്‍ വന്നിറങ്ങിയ തീഗോളങ്ങള്‍ ഈ മനുഷ്യരുടേയും ജീവിത സ്വപ്നങ്ങള്‍ കവര്‍ന്നെടുത്തു. ഉടുത്ത വസ്ത്രമല്ലാതെ എല്ലാം കത്തിയമര്‍ന്നു. ഇനി എങ്ങനെ മുന്നോട്ടുപോകും എന്നത് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ലെന്ന് ഇവര്‍ തിരിച്ചറിയുന്നു. രണ്ടു ലക്ഷം ദിര്‍ഹമോളം നഷ്ടം കണക്കാക്കുന്നതായി സഈദ് വേദനയോടെ വിവരിക്കുന്നു.