ദുബൈയിൽ വൻ മയക്കുമരുന്ന് വേട്ട; 89,000 കാപ്റ്റഗൺ ഗുളികകൾ പിടികൂടി
text_fieldsദുബൈ പൊലീസ് പിടികൂടിയ പ്രതികളും വസ്ത്രങ്ങളുടെ ബട്ടണുകളിൽ ഒളിപ്പിച്ച നിലയിലുള്ള കാപ്റ്റഗൺ ഗുളികകളും
ദുബൈ: വസ്ത്രങ്ങളുടെ ബട്ടണുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ പിടികൂടി ദുബൈ പൊലീസ്. ഏതാണ്ട് 19 കിലോ ഗ്രാം തൂക്കം വരുന്ന 89,760 കാപ്റ്റഗൺ ഗുളികളാണ് പിടിച്ചെടുത്തത്. ഇവക്ക് വിപണിയിൽ ഏതാണ്ട് 44.8 ലക്ഷം ദിർഹം വിലവരും. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ‘ടോക്സിക് ബട്ടൺസ്’ എന്ന് പേരിൽ നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് പ്രതികൾ വലയിലായതെന്ന് ദുബൈ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. സൗദിയിലെ ജനറൽ ഡയറക്റേറ്റ് ഓഫ് നർകോട്ടിക്സ് കൺട്രോളിന്‍റെ (ജി.ഡി.എൻ.സി) സഹകരണത്തോടെയായിരുന്നു അന്വേഷണം.
മൂന്നംഗ സംഘം ദുബൈയിൽ മയക്കുമരുന്ന് ഗുളികകൾ അടങ്ങിയ ഷിപ്മെന്റ് സ്വീകരിക്കാൻ പദ്ധതിയിടുന്നതായി ദുബൈ പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. മയക്കുമരുന്നുമായി അയൽ രാജ്യത്തേക്ക് കടക്കാനായിരുന്നു സംഘത്തിന്‍റെ പദ്ധതി. വിദേശ രാജ്യത്തു നിന്നുള്ള സംഘത്തലവന്‍റെ നിർദേശമനുസരിച്ചായിരുന്നു പ്രതികളുടെ നീക്കങ്ങൾ. ഇത് മനസിലാക്കിയ ദുബൈ പൊലീസ് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അറസ്റ്റ്വാറണ്ട് നേടിയ ശേഷം പ്രതികളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. മയക്കുമരുന്നുമായി പ്രതികൾ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പല തവണ സ്ഥലം മാറുന്നതായി ശ്രദ്ധയിൽപ്പെട്ടു.
സാധാരണ വസ്തുക്കൾ കൊണ്ടുപോകുന്ന രീതിയിലായിരുന്നു പ്രതികൾ മയക്കുമരുന്നുമായി സഞ്ചരിച്ചിരുന്നത്. സൂക്ഷ്മമായ നിരീക്ഷണത്തിനൊടുവിൽ മയക്കുമരുന്ന ഒളിപ്പിച്ച സ്ഥലം പൊലീസ് പരിശോധന നടത്തുകയായിരുന്നു. പാന്റ്സ് ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ ബട്ടണുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത മയക്കുമരുന്നായ കപ്റ്റാഗൺ ഗുളികകൾ. അതിസമർഥമായ രീതിയിലായിരുന്നു ഗുളികകൾ ഒളിപ്പിച്ചിരുന്നതെങ്കിലും ദുബൈ പൊലീസ് കണ്ടെത്തി. ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യവും കഴിവും കൊണ്ടാണ് മയക്കുമരുന്ന് ശ്രമം തകർക്കാനായതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

