അബൂദബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; മൂന്ന് പേർ പിടിയിൽ
text_fieldsഅബൂദബിയില്‍ മയക്കുമരുന്നുമായി പിടിയിലായ പ്രതികൾ
അബൂദബി: എമിറേറ്റില്‍ വന്‍ മയക്കുമരുന്ന് കടത്ത് നീക്കം പൊളിച്ച് അധികൃതർ. 377 കി.ഗ്രാം ക്രിസ്റ്റല്‍ മെത്ത് കടത്താനുള്ള നീക്കത്തിൽ മൂന്ന് ഏഷ്യക്കാര്‍ പിടിയിലായി. അബൂദബി പൊലീസും നാഷനല്‍ ആന്‍റി നാർക്കോട്ടിക് അതോറിറ്റിയും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ മയക്കുമരുന്ന് സഹിതം പിടികൂടിയത്. തയ്യൽ മിഷീനുകളിൽ ഉപയോഗിക്കുന്ന എണ്ണ സൂക്ഷിക്കുന്ന കാനുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് ക്രിസ്റ്റല്‍ മെത്ത് എത്തിച്ചത്.
പ്രതികൾ നൂതനമായ രീതിയിലൂടെ കടത്തിന് ശ്രമിക്കുകയായിരുന്നുവെന്നും സംഘത്തെ പിടികൂടാൻ ഉദ്യോഗസ്ഥർ കെണിയൊരുക്കുകയായിരുന്നെന്നും അബൂദബി പൊലീസിലെ ആന്‍റി നാർകോട്ടിക്സ് ഡയറക്ട്രേറ്റ് ഡയറക്ടർ ബ്രി. താഹിർ ഗരീബ് അൽ ദാഹിരി പറഞ്ഞു. ഓപറേഷന്‍റെ മറ്റ് വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
അറസ്റ്റിലായ പ്രതികളെ നിയമപരമായ തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. മനുഷ്യരുടെ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയായ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് പോവരുതെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മയക്കുമരുന്ന് ഇടപാടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ 8002626 നമ്പറില്‍ വിളിച്ചറിയിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.
മയക്കുമരുന്ന് പ്രതിരോധത്തിന് യു.എ.ഇയിൽ പുതിയ ദേശീയ അതോറിറ്റി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിന് പകരമായാണ് പുതിയ അതോറിറ്റി രൂപവത്കരിച്ചിരിക്കുന്നത്.
ശൈഖ് സായിദ് ബിൻ ഹമദ് ബിൻ ഹംദാൻ ആൽ നഹ്യാനെ ചെയർമാനായും പ്രസിഡന്‍റ് നിയമിച്ചിട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്ര സംവിധാനമായാണ് അതോറിറ്റി പ്രവർത്തിക്കുക. ദേശീയതലത്തിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളെ ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിക്കാനാണ് സംവിധാനം പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

