ദുബൈയിൽ വൻ ജ്വല്ലറിക്കവർച്ച; പ്രതികൾ 48 മണിക്കൂറിനകം പിടിയിൽ
text_fieldsദുബൈ: പട്ടാപ്പകൽ 30 ലക്ഷം ദിർഹ (അഞ്ചേകാൽ കോടി രൂപ)ത്തിെൻറ സ്വർണം കവർന്ന മുഖം മൂടി സംഘത്തെ ദുൈബ പൊലീസ് കുടുക്കി. കഴിഞ്ഞ ബുധനാഴ്ച ഇൻറർനാഷനൽ സിറ്റിയിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ചിറ്റിലപ്പിള്ളി ജ്വല്ലേഴ്സിലാണ് മോഷണം നടന്നത്. 48 മണിക്കൂറിനകം പ്രതികളെ പിടികൂടിയതായി ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പറഞ്ഞു. മൂന്ന് പ്രതികൾ അൽെഎനിലും രണ്ടു പേർ റുവൈസിലുമാണ് ഒളിച്ചു പാർത്തിരുന്നത്. അവിടെ തെരച്ചിൽ നടത്തിയാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ 10 മണിയോടെ വലിയ അറവു കത്തിയും വീശിയാണ് മോഷണ സംഘം ജ്വല്ലറിയിലേക്ക് കടന്നത്. ജീവനക്കാർക്ക് നേരെ കുരുമുളക് സ്പ്രേ ചീറ്റി ബാത്ത്റൂമിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച. മോഷണം നടത്തുന്നതിന് മുൻപ് മികച്ച ആസൂത്രണം നടത്തിയിരുന്നതായും കടയുടെയും ആഭരണ പെട്ടികളുടെയും വിശദാംശങ്ങൾ അവർക്ക് നന്നായി അറിയുമായിരുന്നുവെന്നും കൃത്യം നടത്തിയ രീതിയിൽ നിന്ന് വ്യക്തമാണെന്ന് കുറ്റാന്വേഷണ വിഭാഗം ഉപ മേധാവി മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി ചൂണ്ടിക്കാട്ടി.
മുഖംമൂടി ധരിച്ച പ്രതികൾ യാതൊരു തെളിവും അവശേഷിപ്പിക്കാതെ സമർഥമായ കവർച്ചയാണ് ആസൂത്രണം ചെയ്തതെങ്കിലും വിവരം ലഭിച്ച് 48 മണിക്കൂറിനകം അവരെ പിടികൂടാനായത് പൊലീസ് സംഘത്തിെൻറ മികച്ച നേട്ടമാണെന്ന് മേജർ ജനറൽ മറി പറഞ്ഞു. മോഷണം മുഴുവൻ സി.സി ടിവിയിൽ പതിഞ്ഞിരുന്നു.
അതിനിടെ വൻ ശേഖരമുള്ള ജ്വല്ലറികൾ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ആറു കോടി ദിർഹം വിലയുള്ള ഉൽപന്നങ്ങളാണ് കൊള്ളയടിക്കപ്പെട്ട ജ്വല്ലറിയിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ അതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ അവർക്കില്ലായിരുന്നുവെന്നും പൊലീസ് മേധാവി പറഞ്ഞു. 2011ലും ഇതേ ജ്വല്ലറിയിൽ വൻ മോഷണം നടന്നിരുന്നു. അന്നും പ്രതികൾ പിടിയിലായിരുന്നു.