മദീനയിലെ മസ്ജിദുദ്ദിർഅ്; ഉഹ്ദ് യുദ്ധത്തിന്റെ സ്മരണകൾ ഉണർത്തുന്ന ചരിത്രസ്മാരകം
text_fieldsദീനയിലെ മസ്ജിദുദ്ദിർഅ്.
മദീന: ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന ഏടായ ഉഹ്ദ് യുദ്ധത്തിന്റെ ഓർമകൾ പേറി മദീനയിലെ മസ്ജിദുദ്ദിർഅ്. പ്രവാചകൻ മുഹമ്മദ് നബി ഉഹ്ദ് യുദ്ധത്തിനായി പുറപ്പെട്ടപ്പോൾ പ്രാർഥന നിർവഹിക്കുകയും വിശ്രമിക്കുകയും ചെയ്ത സ്ഥാനത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
ഹിജ്റ മൂന്നാം വർഷം നടന്ന ഉഹ്ദ് യുദ്ധത്തിന് മുന്നോടിയായി സൈന്യം തമ്പടിച്ചതും യുദ്ധത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതും ഈ പ്രദേശത്തായിരുന്നു. മദീനയുടെ വടക്ക് ഭാഗത്ത് ഉഹ്ദ് മലയ്ക്ക് സമീപമാണ് ഈ ചരിത്ര പള്ളി സ്ഥിതി ചെയ്യുന്നത്. പ്രവാചക ചരിത്രവുമായി അഭേദ്യ ബന്ധമുള്ളതിനാൽ നൂറ്റാണ്ടുകളായി മുസ്ലിം ലോകത്ത് ഈ പള്ളിക്ക് വലിയ മതപരവും ചരിത്രപരവുമായ പ്രാധാന്യമുണ്ട്.
പേരിന് പിന്നിലെ ചരി ത്രം
ചരിത്രരേഖകൾ പ്രകാരം, ശത്രുക്കളെ നേരിടുന്നതിനായി പ്രവാചകൻ തന്റെ കവചം (ദിർഅ്) ധരിച്ച ഇടമായതിനാലാണ് ഈ പള്ളിക്ക് 'മസ്ജിദുദ്ദിർഅ്' എന്ന പേര് ലഭിച്ചത്. പ്രവാചക സൈന്യം തമ്പടിച്ച സ്ഥലത്തിന് അടുത്തായതിനാൽ 'മസ്ജിദുശ്ശൈഖൈൻ' എന്നും ഇതിന് പേരുണ്ട്. എങ്കിലും മസ്ജിദുദ്ദിർഅ് എന്ന പേരിലാണ് ഇവിടം വ്യാപകമായി അറിയപ്പെടുന്നത്.
സംരക്ഷണവും നവീകരണവും
കാലപ്പഴക്കത്താൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ വിവിധ കാലഘട്ടങ്ങളിൽ പള്ളിയിൽ വിപുലമായ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. മദീനയിലെ ചരിത്രപ്രസിദ്ധമായ പള്ളികളെ സംരക്ഷിക്കാനുള്ള സൗദി സർക്കാരിന്റെ പദ്ധതികളുടെ ഭാഗമായി ഈ പള്ളിയുടെ പുരാതനമായ വാസ്തുവിദ്യ നിലനിർത്തിക്കൊണ്ടുതന്നെയാണ് നവീകരണം പൂർത്തിയാക്കിയത്.
ഇന്ന് മദീനയിലെത്തുന്ന വിശ്വാസികളുടെയും സന്ദർശകരുടെയും പ്രധാന സന്ദർശന കേന്ദ്രങ്ങളിലൊന്നാണ് മസ്ജിദുദ്ദിർഅ്. പ്രവാചക ചരിത്രത്തിലെ നിർണായക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ മണ്ണിലെ അടയാളങ്ങൾ വരുംതലമുറക്കായി സംരക്ഷിക്കുന്നതിൽ അധികൃതർ പ്രത്യേക ശ്രദ്ധയാണ് നൽകി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

