ദുബൈയിലെ പ്രമുഖ മലയാളി ഡോക്ടറായിരുന്ന മേരി ജോൺ നിര്യാതയായി
text_fieldsദുബൈ: ദുബൈയിൽ മൂന്ന് പതിറ്റാണ്ടോളം പ്രസവ-സ്ത്രീരോഗ വിദഗ്ദ്ധയായി സേവനമനുഷ്ഠിച്ച പ്രശസ്ത മലയാളി ഡോക്ടർ മേരി ജോൺ (81) അമേരിക്കയിൽ നിര്യാതയായി. ദുബൈയിൽ മൂവായിരത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിന് സഹായമൊരുക്കിയ അവർ യു.എസിലെ സ്പ്രിങ്ഫീൽഡിൽ ആഗസ്റ്റ് 21നാണ് അന്തരിച്ചത്. ‘ഗിർലി’ എന്ന് സ്നേഹത്തോടെ വിളിക്കപ്പെട്ടിരുന്ന ഡോക്ടറുടെ വേർപാടിൽ ദുബൈയിലെ ആരോഗ്യമേഖലയും പ്രവാസി സമൂഹവും അനുശോചിച്ചു.
1987ൽ ദുബൈ ഹോസ്പിറ്റലിൽ സേവനം ആരംഭിച്ച ഡോ. മേരി ജോൺ, 1992ൽ ലത്തീഫ ഹോസ്പിറ്റലിലേക്ക് മാറി. 1996 മുതൽ 2006 വരെ അവിടെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്നു. 2013 മുതൽ 2016ൽ വിരമിക്കുന്നത് വരെ ദുബൈ ഗൈനക്കോളജി ആൻഡ് ഫെർട്ടിലിറ്റി സെന്‍ററിന്‍റെ തലപ്പത്തുണ്ടായിരുന്നു. ആധുനിക ലാപ്രോസ്കോപ്പി ചികിത്സാരീതികളും വിവിധ സൂപ്പർ സ്പെഷാലിറ്റികളും ദുബൈയിൽ ആദ്യമായി അവതരിപ്പിക്കുന്നതിൽ അവർ നിർണായക പങ്കുവഹിച്ചു.
ദുബൈ മെഡിക്കൽ കോളജിന്‍റെ അക്കാദമിക് മേധാവിയെന്ന നിലയിൽ നൂറുകണക്കിന് യുവ ഡോക്ടർമാർക്ക് വഴികാട്ടിയുമായിരുന്നു. രോഗീ പരിചരണത്തിൽ കാണിച്ച കരുണയും സ്നേഹവുമാണ് സഹപ്രവർത്തകർക്കും രോഗികൾക്കും അവരെ പ്രിയങ്കരിയാക്കിയത്. ദുബൈ ഹെൽത്തിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. മുനാ തഹ്‌ലാക്ക്, ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് സലീം അൽ ഒലാമ ഉൾപ്പെടെയുള്ള പ്രമുഖർ ഡോക്ടറുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.
1945 ജൂൺ 17ന് കേരളത്തിൽ ജനിച്ച ഡോ. മേരി ജോണിന് ആശിഷ്, അനീഷ് എന്നീ രണ്ട് മക്കളുണ്ട്. ദുബൈയിൽ നിന്നും വിരമിച്ച ശേഷം കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് മാറിയ അവർ, ന്യൂയോർക്കിലും സേവനം തുടർന്നു. ദുബൈ മാർത്തോമ ഇടവകയും അവരുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി. സംസ്‌കാര ചടങ്ങുകൾ സെപ്റ്റംബർ ആറിന് സ്പ്രിങ്ഫീൽഡിലെ മാർത്തോമാചർച്ചിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

