കടലാമകൾക്ക് കരുതലായി മറൈൻ ടീം
text_fieldsപരിസ്ഥിതി മന്ത്രാലയം പങ്കുവെച്ച ദൃശ്യം
ദോഹ: കടലിൽ നീന്തിത്തുടിക്കുന്നതിനിടെ വഴിതെറ്റി കരയിൽ കുടുങ്ങിയ കടലാമകൾക്ക് രക്ഷയായി പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ മറൈൻ ടീം. വംശനാശ ഭീഷണി നേരിടുന്ന ലോഗർഹെഡ് വിഭാഗത്തിലുള്ള കടലാമകളെയാണ് വന്യജീവി വിഭാഗത്തിനു കീഴിലെ ഉദ്യോഗസ്ഥരുടെ സംഘം തീരത്തുനിന്ന് കണ്ടെത്തി ആവശ്യമായ പരിചരണങ്ങൾ നൽകി കടലിലേക്ക് ഒഴുക്കിയത്.
കടലാമയുടെ പുറത്തെ ഷെല്ലുകൾ വിദഗ്ധസംഘത്തിനു കീഴിൽ നീക്കം ചെയ്ത്, ശുശ്രൂഷകൾ നൽകിയ ശേഷമാണ് കടലിലേക്ക് ഇറക്കിയതെന്ന് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം ‘എക്സ്’ പോസ്റ്റിലൂടെ അറിയിച്ചു. സംരക്ഷിത വിഭാഗങ്ങളിലുള്ള ഇത്തരം ജീവജാലങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മന്ത്രാലയത്തിനു കീഴിലെ മറൈൻ ലൈഫ് സംഘത്തെ അറിയിക്കണമെന്നും അറിയിച്ചു. പൊതുജന ബോധവത്കരണത്തിന്റെ ഭാഗമായാണ് അധികൃതർ സന്ദേശം പങ്കുവെച്ചത്.
പ്രജനന സീസണുകളിൽ ഖത്തറിന്റെ തീരങ്ങളിൽ എത്തുന്ന പ്രത്യേക ഇനം കടലാമകൾക്ക് വലിയ പരിചരണമാണ് അധികൃതർ നൽകുന്നത്. ഹൗക്ക്സ് ബിൽ വിഭാഗത്തിൽപെടുന്ന കടലാമകൾ കൂട്ടമായെത്തുമ്പോൾ ഫുവൈരിത് ബീച്ചിൽ മുട്ടയിടാൻ പ്രത്യേക കൂടുകൾ സജ്ജീകരിച്ചും സുരക്ഷക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്യും. ഈ വർഷത്തെ കടലാമ പ്രജനന സീസൺ നേരത്തേ അവസാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

