ജലാശയങ്ങളിലെ മാലിന്യം പെറുക്കാൻ മറൈൻ സ്ക്രാപർ: പുതിയ സംവിധാനവുമായി ദുബൈ മുനിസിപ്പാലിറ്റി
text_fieldsജലാശയങ്ങളിലെ മാലിന്യം നീക്കാൻ ദുബൈ മുനിസിപ്പാലിറ്റി അവതരിപ്പിച്ച മറൈൻ സ്ക്രാപ്പർ ബോട്ട്
ദുബൈ: കടലിൽ പൊങ്ങിക്കിടക്കുന്ന മാലിന്യങ്ങൾ കണ്ടെത്താനും നീക്കം ചെയ്യാനുമായി സ്മാർട്ട് മറൈൻ സ്ക്രാപ്പർ നീറ്റിലിറക്കി ദുബൈ മുനിസിപ്പാലിറ്റി. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന, നൂതനമായ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന പ്രത്യേക തരം ബോട്ടുകളാണ് മറൈൻ സ്ക്രാപർ. എത്ര അകലെയുള്ള മാലിന്യങ്ങളും കണ്ടെത്തി നീക്കം ചെയ്യാൻ സ്മാർട്ട് സ്ക്രാപറുകൾക്ക് കഴിയും. 5 ജി നെറ്റ്വർക്ക് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. കൂടാതെ ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇവയുടെ നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കാനും സാധിക്കും.
ഇതു വഴി ദുബൈയിലുടനീളമുള്ള ജലാശയങ്ങളെ സുസ്ഥിരമായി വൃത്തിയായി സൂക്ഷിക്കാൻ കഴിയും. അൽ ഖത്താൽ ബോട്ട് ഫാക്ടറിയുമായി കൈകോർത്ത് സ്വദേശികളായ വിദഗ്ധരാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഇന്റലിജൻസ് മറൈൻ സർവേ സംവിധാനം ഉപയോഗപ്പെടുത്തി കടലിലെ മാലിന്യങ്ങളെ കണ്ടെത്താനും അവയെ ശേഖരിക്കാനും കഴിയുന്ന രീതിയിലാണ് സ്ക്രാപ് ബോട്ടുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
കടലിൽ കൂട്ടിയിടി തടയാനും സമുദ്ര സുരക്ഷ ഉറപ്പുവരുത്താനും കഴിയുന്ന ഒരു ഇന്ററാക്ടിവ് നിരീക്ഷണ സംവിധാനവും ഇതിനൊപ്പമുണ്ട്. 1000 കിലോ ഗ്രാം മാലിന്യങ്ങൾ വരെ ശേഖരിക്കാനും കൈമാറാനും ശേഷിയുള്ളതാണ് മറൈൻ സ്ക്രാപർ ബോട്ടുകൾ.
ജലാശയങ്ങളെ മാലിന്യങ്ങളിൽ സംരക്ഷിക്കാനായി സംയോജിതവും കാര്യക്ഷമവുമായ സംവിധാനങ്ങളാണ് ദുബൈ മുനിസിപ്പാലിറ്റി നടപ്പിലാക്കുന്നത്.
ഒഴുകി നടക്കുന്ന മാലിന്യങ്ങൾ നീക്കുന്നതിലൂടെ ദുബൈയിലെ സമുദ്ര, പരിസ്ഥിതി ആവാസ വ്യവസ്ഥകളെ സുസ്ഥിരമായി സംരക്ഷിക്കുകയാണ് ലക്ഷ്യം. കൂടാതെ, 35 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന വാട്ടർ കനാലുകളുടെയും അരുവികളുടെയും ശുചീകരണത്തിന് മേൽനോട്ടം വഹിക്കാൻ ഒരു പ്രത്യേക ടീമിനെയും ദുബൈ മുനിസിപ്പാലിറ്റി നിയോഗിച്ചിട്ടുണ്ട്. 12 ക്യാപ്റ്റൻമാർ, 25 ജീവനക്കാർ, യാത്രക്കാർ, സമുദ്രവാഹിനികൾ എന്നിവ അടങ്ങുന്നതാണ് ടീം. ഇവർ എല്ലാ ദിവസവും ജലാശയങ്ങൾ വൃത്തിയാക്കുകയും സംരക്ഷിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

