വെള്ളത്തിൽ വീണ 23 പേർക്ക് പുതുജീവനേകി മറൈൻ പൊലീസ്
text_fieldsദുബൈ പോർട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ അനുമോദിക്കുന്നു
ദുബൈ: ദുബൈ പൊലീസിെൻറ തുറമുഖ വിഭാഗം കഴിഞ്ഞ വർഷം പുതുജീവൻ നൽകിയത് 23 പേർക്ക്. തീരദേശ സുരക്ഷയുടെ ഭാഗമായി ദുബൈ പോർട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ അനുമോദിക്കുന്ന ചടങ്ങിൽ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനൻറ് ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയാണ് ഇക്കാര്യം അറിയിച്ചത്.
നാല് മിനിറ്റിനുള്ളിൽ സംഭവസ്ഥലത്തെത്താൻ കഴിയുന്ന സംവിധാനമുണ്ട് മറൈൻ പൊലീസിന്. സാധാരണ 13 മിനിറ്റെടുക്കുമെങ്കിലും അതിവേഗം എത്താൻ പൊലീസിനു കഴിയുന്നുണ്ട്. അടിയന്തരമല്ലാത്ത സംഭവങ്ങളിൽ പോലും ഒമ്പത് മിനിറ്റിൽ സ്ഥലത്തെത്താൻ കഴിയുന്നു.
98 ശതമാനമാണ് സുരക്ഷ സൂചിക. ദേര ഐലൻഡിന് സമീപം തിരമാലയിൽ അകപ്പെട്ട് വെള്ളത്തിൽ വീണ ഏഴ് നാവികരും പൊലീസ് രക്ഷിച്ചവരിൽപെടുന്നു. കാറിെൻറ ബ്രേക്ക് നഷ്ടപ്പെട്ട് അൽ മംസാർ ക്രീക്കിലേക്ക് വീണ അറബ് വംശജനായ കാർ ഡ്രൈവറെ രക്ഷപ്പെടുത്തി. നീന്തൽകുളത്തിലെ പൈപ്പിൽ കൈകുടുങ്ങിയ മൂന്ന് വയസ്സുകാരനും പൊലീസ് തുണയായി. ഹത്ത താഴ്വരയിൽ കുത്തൊഴുക്കിൽ അകപ്പെട്ട ബസിൽ നിന്ന് 20 പേരെ രക്ഷിക്കാനും പൊലീസെത്തി.
അതേസമയം, 1309 നിയമലംഘനങ്ങളാണ് ഈ കാലയളവിൽ ബീച്ച് സുരക്ഷ വിഭാഗം കണ്ടെത്തിയത്. കടൽ യാത്രികരെ ശല്യം ചെയ്യൽ, നടപ്പാതയിലൂടെ സൈക്ലിങ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
വാട്ടർ ബൈക്ക്, മത്സ്യ ബന്ധന ബോട്ടുകൾ, മറ്റ് ജലവാഹനങ്ങൾ എന്നിവക്കെതിരെ 453 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. 2019ൽ ഇത് 373 ആയിരുന്നു. കഴിഞ്ഞ വർഷം 64 അപകടങ്ങളാണ് ഉണ്ടായത്. 2019ൽ ഇത് 72 ആയിരുന്നു. ബോധവത്കരണത്തിനായി നിരവധി കാമ്പയിനുകൾ നടത്തുന്നുണ്ട്. ഉപഭോക്താക്കളുടെ സന്തോഷ സൂചിക 92.2 ശതമാനമാണ്. 91 ശതമാനമായിരുന്നു ലക്ഷ്യം. കഴിഞ്ഞ വർഷം മറൈൻ വിഭാഗം 41,105 ഇടപാടുകൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

