മാർ ഇവാനിയോസ് കോളജ് പ്ലാറ്റിനം വാർഷിക സംഗമം ഇന്ന്
text_fieldsദുബൈ: തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് സ്ഥാപിതമായതിന്റെ 75ാം വാർഷികാഘോഷം, കോളജിന്റെ പൂർവ വിദ്യാർഥി സംഘടനയായ അമിക്കോസ് യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മേയ് 18, ഞായറാഴ്ച വൈകീട്ട് 4 മണി മുതൽ ദുബൈ അൽ ബർഷയിലെ ജെംസ് ദുബൈ അമേരിക്കൻ അക്കാദമി സ്കൂളിൽ നടക്കും. ‘വൺ@75’ എന്ന മെഗാ ഇവന്റിൽ നിരവധി പരിപാടികളാണ് ഒരുക്കുന്നത്.
സംഗീത നിശയിൽ പ്രശസ്ത പിന്നണി ഗായകരായ സൂരജ് സന്തോഷ്, ലക്ഷ്മി ജയൻ, ദർശൻ ശങ്കർ തുടങ്ങിയവർ പങ്കെടുക്കും. വിനോദപരിപാടികളുടെ ഭാഗമായി റിയാസ് നർമകല, സൗമ്യ ഭാഗ്യൻപിള്ള, ബിജു ഭാസ്കർ തുടങ്ങിയവർ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. അമിക്കോസ് കോയർ അണിയിച്ചൊരുക്കിയ ‘ഹൃദയപൂർവം’ സംഗീത നൃത്ത ഷോ പരിപാടിയുടെ മാറ്റുകൂട്ടും.
മിഥുൻ രമേശ്, ആൽബർട്ട് അലക്സ്, ദീപ ജോസ് എന്നിവരും പരിപാടിയിൽ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ഏർപ്പെടുത്തിയ ‘അമിക്കോസ് പ്ലാറ്റിനം’ പുരസ്കാരങ്ങൾ അഞ്ചു പേർക്ക് വേദിയിൽ മുഖ്യാതിഥി ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ സമ്മാനിക്കും.
ഡോ. ജോർജ് ഓണക്കൂർ, കെ. ജയകുമാർ ഐ.എ.എസ്, ജഗദീഷ്, ലാലു സാമുവേൽ, സഞ്ജു സാംസൺ എന്നീ അഞ്ചുപേരാണ് ഈ അവാർഡിന് അർഹരായത്. ‘അമിക്കോസ് പ്ലാറ്റിനം ഐക്കൺ’ അവാർഡ് മിഥുൻ രമേശിനും സമ്മാനിക്കും. ദുബൈയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുവാനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൂർവ വിദ്യാർഥികൾ ദുൈബെയിൽ എത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 050 4337475, 055 7964490.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
