പല സ്കൂൾ കുട്ടികൾ ഒരു ബസിൽ; പദ്ധതിയുമായി ദുബൈ ആർ.ടി.എ
text_fieldsസ്കൂൾ ബസ് പൂളിങ് സംവിധാനവുമായി ബന്ധപ്പെട്ട് ആർ.ടി.എയും യാംഗോ ഗ്രൂപ്പും കരാറിൽ ഒപ്പുവെക്കുന്നു
ദുബൈ: ഒരു പ്രദേശത്തെ വിവിധ സ്കുളുകളിൽ പഠിക്കുന്ന കുട്ടികളെ ഒരു ബസിൽ കൊണ്ടുപോകുന്ന സ്കൂൾ ബസ് പൂളിങ് സംവിധാനവുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഈ വർഷം ആദ്യ പാദത്തിൽ പൈലറ്റ് പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സ്വകാര്യ കാറുകളിൽ സ്കൂളിലെത്തുന്ന കുട്ടികൾക്ക് ബദൽ സൗകര്യമാകുന്ന പദ്ധതി വഴി സ്കൂൾ മേഖലകളിൽ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് കണക്കാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് യാംഗോ ഗ്രൂപ്പുമായും അർബൻ എക്സ്പ്രസ് ട്രാൻസ്പോർട്ടുമായും ആർ.ടി.എ രണ്ട് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. ട്രിപ് മാനേജ്മെന്റ്, വാഹന ട്രാക്കിങ്, നിരീക്ഷണം എന്നിവക്ക് നവീനമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംരംഭം നടപ്പാക്കുക.
ദുബൈയിൽ നിലവിലുള്ള സ്കൂൾ ഗതാഗത സംബന്ധമായ എല്ലാ അംഗീകൃത നിയന്ത്രണങ്ങളും നിർദേശങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ടാണ് സംരംഭം പ്രവർത്തിക്കുകയെന്നും ഗതാഗതവും വിദ്യാർഥികളുടെ ദൈനംദിന സഞ്ചാരവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നും ആർ.ടി.എ അറിയിച്ചു. ആർ.ടി.എക്ക് വേണ്ടി പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സി.ഇ.ഒ അഹമ്മദ് ഹാശിം ബഹ്‌റോസിയാൻ, യാംഗോ ഗ്രൂപ്പിന്റെ റീജനൽ മേധാവി ഇസ്ലാം അബ്ദുൾ കരീം, അർബൻ എക്‌സ്‌പ്രസ് ട്രാൻസ്‌പോർട്ടിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ഡോ. മുഹമ്മദ് അൽ ഹാഷിമി എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
വിദ്യാർഥികളെ സ്കൂളുകളിലേക്കും തിരിച്ചും കൊണ്ടുപോകാൻ ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലെ വർധന അധികൃതരുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും ഇത് സ്കൂൾ സോണുകളിലെ ഗതാഗതത്തെ നേരിട്ട് ബാധിച്ചിട്ടുണ്ടെന്നും ബഹ്‌റോസിയാൻ പറഞ്ഞു. പുതിയ സംരംഭത്തിലൂടെ ഒരു ബദൽ സ്കൂൾ ഗതാഗത സംവിധാനം താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കാനാണ് ആർ.ടി.എ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയിലെ സ്കൂൾ ഗതാഗതത്തിൽ പുതിയ മാതൃകകൾ വികസിപ്പിക്കാൻ സംരംഭം സഹായിക്കുമെന്നും ഭാവിയിൽ കൂടുതൽ വിപുലമായ രീതിയിൽ നടപ്പാക്കാനുള്ള സാധ്യത വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

