നാട്ടിലെ റാപിഡ് പരിശോധനയിൽ കുടുങ്ങി നിരവധി പേർ
text_fieldsദുബൈ: ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടക്കുന്ന റാപിഡ് പരിശോധനയിൽ കുടുങ്ങി നിരവധി പ്രവാസികൾ.
വിമാനത്താവള പരിശോധനയിൽ പോസിറ്റിവാകുന്നവരുടെ എണ്ണം കൂടിയതോടെ അവസാന നിമിഷം യാത്ര മുടങ്ങുന്നവർ നിരവധിയാണ്. 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് റിസൽട്ടിന്റെ ആത്മവിശ്വാസത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിൽ എത്തുന്നവർക്കാണ് ഈ ദുരവസ്ഥ. ടിക്കറ്റ് റീഫണ്ട് ലഭിക്കാത്തതും വീണ്ടും ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടിവരുന്നതുമെല്ലാം ഇവരുടെ ഭാരം ഇരട്ടിയാക്കുന്നു.
കോഴിക്കോടും തിരുവനന്തപുരത്തും പോസിറ്റിവായതിനെ തുടർന്ന് കൊച്ചിയിലെത്തി നെഗറ്റിവ് ഫലം നേടി യാത്ര ചെയ്യുന്നവരും കുറവല്ല.
കഴിഞ്ഞ ദിവസം വയനാട് സ്വദേശി 62കാരി സഫിയ പൊന്നിങ്ങതൊടിക്ക് സമാന അനുഭവമുണ്ടായി. നെഗറ്റിവ് റിസൽട്ടുമായി വിമാനത്താവളത്തിൽ എത്തിയ സഫിയയെ രാത്രി 7.30നാണ് റാപിഡ് പരിശോധനക്ക് വിധേയയാക്കിയത്.
ഫലം വന്നപ്പോൾ പോസിറ്റിവ് ആരോഗ്യപ്രശ്നങ്ങളുള്ളതിനാലും ഉടൻ യു.എ.ഇയിൽ എത്തേണ്ടതുള്ളതിനാലും മക്കൾ ഇടപെട്ട് വാഹനത്തിൽ കൊച്ചിയിൽ എത്തിച്ചു.
പുലർച്ച അഞ്ചിന് ഇവിടെ നടത്തിയ പരിശോധനയിൽ നെഗറ്റിവ്. രണ്ട് ടെസ്റ്റും ചെയ്തത് ഒരേ കമ്പനിയുടെ ലാബിൽ തന്നെയാണ്. അവസാന നിമിഷമാണ് കൊച്ചിയിലെ ടിക്കറ്റ് പോലും ഉറപ്പായത്. പ്രായമായ ഉമ്മ ഏറെ ദുരിതം സഹിച്ചാണ് യു.എ.ഇയിൽ എത്തിയത് എന്ന് മക്കൾ പറയുന്നു. ഷാർജ എയർപോർട്ടിൽ നടത്തിയ പരിശോധനയിലും നെഗറ്റിവായിരുന്നു.
ഒമിക്രോൺ വ്യാപനമാണ് പോസിറ്റിവുകാരുടെ എണ്ണം വർധിക്കാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, രണ്ട് സ്ഥലങ്ങളിൽ രണ്ട് ഫലം വരുന്നതെങ്ങനെയാണെന്ന് പ്രവാസികൾ ചോദിക്കുന്നു. കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞുമക്കളോടൊപ്പം എയർപോർട്ടിലെത്തിയ ശേഷം മാതാവിന് പോസിറ്റിവായതോടെ കുടുംബത്തിന്റെയൊന്നാകെ യാത്ര മുടങ്ങിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ മകൾക്ക് പോസിറ്റിവായതോടെ യാത്ര മുടങ്ങിയ കുടുംബം നെടുമ്പാശ്ശേരിയിലെത്തി യാത്ര തുടർന്ന സംഭവവുമുണ്ടായിരുന്നു.
നേരത്തെ റീഫണ്ട് നൽകിയിരുന്ന വിമാനക്കമ്പനികൾ പോലും ഇപ്പോൾ ഇത് നിർത്തലാക്കിയത് ദുരിതം ഇരട്ടിയാക്കുന്നു. അതേസമയം, ഗൾഫിൽനിന്ന് പുറപ്പെടുമ്പോൾ പോസിറ്റിവായാൽ ഇതേ വിമാനക്കമ്പനികൾ റീഫണ്ട് നൽകുന്നുമുണ്ട്. ഇത് രണ്ട് നീതിയാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ അനിവാര്യമാണെന്നും പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

