അഞ്ചുകോടിയിലേറെ കണ്ടൽമരങ്ങൾ നട്ടുപിടിപ്പിച്ച് യു.എ.ഇ
text_fieldsഅബൂദബി: 2030-ഓടെ 10 കോടി കണ്ടൽമരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍റെ 51 ശതമാനം യു.എ.ഇ വിജയകരമായി പൂർത്തിയാക്കി. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിലെ ബയോഡൈവേഴ്‌സിറ്റി ആൻഡ് അക്വാട്ടിക് ലൈഫ് സെക്ടർ അസി. അണ്ടർസെക്രട്ടറി ഹിബ ഉബൈദ് അൽ ശെഹിയാണ് ഈ നേട്ടം അറിയിച്ചത്. മുമ്പ് മൂന്നുകോടിയായിരുന്ന ലക്ഷ്യം പിന്നീട് 10 കോടിയായി ഉയർത്തുകയായിരുന്നു. കടൽത്തീര സംരക്ഷണം, ജൈവവൈവിധ്യം, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനൊപ്പം സമുദ്രജീവികൾക്ക് ആവശ്യമായ സുരക്ഷിത വാസസ്ഥലമൊരുക്കാനും കണ്ടൽക്കാടുകളുടെ വികസനത്തിലൂടെ സാധിക്കും.
രാജ്യത്തെ സമുദ്ര സംരക്ഷിത മേഖലകൾ 2030-ഓടെ 30 ശതമാനമായി ഉയർത്തുകയാണ് ‘നാഷനൽ ബയോഡൈവേഴ്സിറ്റി സ്ട്രാറ്റജി 2031’ലൂടെ യു.എ.ഇ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി 2016-ൽ ആരംഭിച്ച കൃത്രിമ ഗുഹ പദ്ധതിയിലൂടെ സമുദ്ര പരിസ്ഥിതി പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 2025 അവസാനത്തോടെ ഷാർജ, ഉമ്മുൽ ഖുവൈൻ, അജ്മാൻ, റാസൽഖൈമ, ഫുജൈറ തുടങ്ങിയ ഇടങ്ങളിലായി 22,982 പരിസ്ഥിതി സൗഹൃദ കൃത്രിമ ഗുഹകൾ നിർമിച്ചു കഴിഞ്ഞു. ഇവ മീനുകളുടെ വംശവർധനവിനും മീൻപിടിത്ത മേഖലയുടെ വളർച്ചക്കും സഹായകരമാകുന്നു.
പവിഴപ്പുറ്റുകളുടെ സംരക്ഷണവും പുനരുജ്ജീവനവുമാണ് യു.എ.ഇയുടെ മറ്റൊരു പ്രധാന പ്രവർത്തനം. ഫുജൈറയിൽ അഞ്ചുവർഷത്തിനുള്ളിൽ മൂന്നു ലക്ഷത്തിലധികം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 15 ലക്ഷം പവിഴപ്പുറ്റുകൾ വച്ചുപിടിപ്പിക്കാനുള്ള വൻ പദ്ധതി പുരോഗമിക്കുകയാണ്. 2018 മുതൽ ഇതുവരെ 22,827 ചതുരശ്ര മീറ്റർ തീരപ്രദേശത്തായി 66,173 പവിഴപ്പുറ്റുകൾ വളർത്തിയെടുക്കാൻ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്. രാജ്യത്തെ തീരങ്ങളിൽ നടത്തിയ ഗവേഷണത്തിൽ 55ലധികം ഇനം പവിഴപ്പുറ്റുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുമുണ്ട്.
സമുദ്ര നയങ്ങൾ രൂപീകരിക്കുന്നതിൽ മത്സ്യത്തൊഴിലാളികളെയും പങ്കാളികളാക്കുന്നു. അവരെ ‘സമുദ്രത്തിലെ പരിസ്ഥിതിയുടെ കണ്ണുകൾ’ എന്നാണ് അൽ ശെഹി വിശേഷിപ്പിച്ചത്. രാജ്യത്തെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്ന അക്വാകൾച്ചർ മേഖലയിൽ നിലവിൽ 18 രജിസ്റ്റർ ചെയ്ത ഫാമുകളിലായി 2,572 ടൺ ഉൽപാദന ശേഷിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

