മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗാര്‍ഡിയോളക്ക് അബൂദബിയില്‍ വന്‍ സ്വീകരണം
text_fieldsമാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗാര്‍ഡിയോളക്ക് അബൂദബിയില്‍ സ്വീകരണം നൽകിയപ്പോൾ
അബൂദബി: മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗാര്‍ഡിയോളക്ക് അബൂദബിയില്‍ ഊഷ്മളമായ സ്വീകരണം നൽകി. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദാണ് പെപ് ഗാര്‍ഡിയോളയെ അബൂദബി ഖസര്‍ അല്‍ വതനില്‍ സ്വീകരിച്ചത്. പ്രഥമ ചാമ്പ്യന്‍സ് ലീഗ് ട്രോഫി കരസ്ഥമാക്കിയതിനു പിന്നാലെയാണ് അബൂദബിയില്‍ ടീം മാനേജര്‍ക്ക് സ്വീകരണമൊരുക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഖാല്‍ദൂന്‍ അല്‍ മുബാറക്, ബോര്‍ഡ് അംഗം അബ്ദുല്ല ഖൗരി, പ്രീമിയര്‍ ലീഗ് ചീഫ് എക്സിക്യൂട്ടിവ് ഫെറാന്‍ സൊറിയാനോ, ടീം ഡയറക്ടര്‍ ടിക്സികി ബെഗിര്സ്റ്റെയിന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ടീം നേടിയ പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് ട്രോഫികൾ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. മൂന്നു ട്രോഫികള്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമാണ് മാസ്റ്റര്‍ സിറ്റി എന്നത് ആഘോഷത്തിന്റെ മാറ്റുകൂട്ടി. സ്പാനിഷ് മധ്യനിര താരം റോഡ്രി കളിയുടെ രണ്ടാം പകുതിയില്‍ നേടിയ എതിരില്ലാത്ത ഏക ഗോളായിരുന്നു ടീമിനെ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇന്റര്‍മിലാനെ തകര്‍ത്ത് ചാമ്പ്യന്‍സ് ട്രോഫി നേടാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സഹായിച്ചത്. എഫ്.എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ കീഴടക്കിയാണ് പെപ് ഗാര്‍ഡിയോളയുടെ കുട്ടികള്‍ കിരീടം ചൂടിയത്. പ്രീമിയര്‍ ലീഗില്‍ കലാശപ്പോരില്‍ ആഴ്സനല്‍ ആയിരുന്നു ടീമിനു മുന്നില്‍ നിഷ്പ്രഭരായത്.
സീസണില്‍ കാഴ്ചവെക്കുന്ന മിന്നുന്ന പ്രകടനത്തിന് ശൈഖ് മന്‍സൂര്‍ ക്ലബ് ബോര്‍ഡിനെയും മാനേജ്മെന്റിനെയും കളിക്കാരെയും ടീമിനു പിന്തുണ നല്കുന്ന ആരാധകരെയും പ്രശംസിച്ചു. 2023-24 സീസണിലെ ക്ലബിന്റെ ഭാവി പദ്ധതികള്‍ ആഘോഷവേദിയില്‍ ചര്‍ച്ചയായി. ക്ലബിന് നല്കുന്ന പിന്തുണക്ക് ഗാര്‍ഡിയോള ശൈഖ് മന്‍സൂറിന് നന്ദി അറിയിച്ചു. വിജയത്തിനുവേണ്ടി ടീമിന് എല്ലാവിധ പിന്തുണയും ശൈഖ് മന്‍സൂര്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീസണില്‍ മികച്ച പ്രകടനം തുടര്‍ന്നും കാഴ്ചവെക്കാനും ക്ലബും കളിക്കാരും മാനേജ്മെന്റും പ്രതിജ്ഞാബദ്ധരാണെന്നും ഗാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

