ആദ്യ ഭാര്യക്ക് പിറകെ രണ്ടാം ഭാര്യയെയും കൊലപ്പെടുത്തി: 40കാരന് വധശിക്ഷ
text_fieldsറാസല്‍ഖൈമ: ഗര്‍ഭിണിയായ ആദ്യ ഭാര്യയെ കൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാം ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ കൊമോറിയന്‍ പൗരന് വധശിക്ഷ വിധിച്ച് റാക് കോടതി. എന്നാല്‍, മാനസിക രോഗിയാണെന്ന് ചൂണ്ടിക്കാണിച്ച് വധശിക്ഷക്കെതിരെ പ്രതിയുടെ അഭിഭാഷകന് നല്കിയ അപ്പീല്‍ പരിഗണിച്ച കോടതി 40കാരനായ കുറ്റവാളിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു.
2010ലാണ് ദാമ്പത്യ കലഹത്തെത്തുടര്‍ന്ന് ആദ്യ ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും പ്രതി ദാരുണമായി കൊലപ്പെടുത്തിയത്. ഈ കേസില്‍ കോടതി വധശിക്ഷ വിധിച്ചെങ്കിലും ഭാര്യയുടെ കുടുംബവുമായി നടന്ന ദിയാധന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ വധശിക്ഷ ഒഴിവാക്കപ്പെട്ടു. പൊതുനിയമം ലംഘിച്ചതിന് അഞ്ചുവര്‍ഷത്തെ തടവ് ശിക്ഷക്ക് ശേഷം ഇയാളെ വിട്ടയക്കുകയും ചെയ്തു.
ഒരു മകളുള്ള അറബ് വംശജയായ സ്ത്രീയുമായിട്ടായിരുന്നു പ്രതിയുടെ രണ്ടാമത് വിവാഹം. എന്നാല്‍, പൊരുത്തക്കേടുകളില്‍ പതിവ് വേര്‍പിരിയലും പിരിമുറുക്കങ്ങളും നിറഞ്ഞതായിരുന്നു ദാമ്പത്യ ജീവിതം. പലപ്പോഴും ദീര്‍ഘനാള്‍ വീട് വിട്ടു കഴിയുന്നതായിരുന്നു പ്രതിയുടെ രീതി. ഇതിനിടെ ഭാര്യ മറ്റൊരു പുരുഷനുമായി അവിഹിതബന്ധം തുടങ്ങി. മാതാവും കാമുകനും ഒരുമിക്കുന്ന സമയം ഏഴ് വയസ്സുകാരിയായ മകളെ മറ്റൊരു മുറിയിലോ അലമാരയിലോ പൂട്ടിയിട്ടതായും ആരോപിക്കപ്പെട്ടു.
കാമുകനില്‍നിന്ന് മകള്‍ക്ക് ഉപദ്രവമേല്ക്കേണ്ടതായും വന്നു. തന്റെ വിഷമാവസ്ഥ മാതാവിനെ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മകളുടെ വാക്കുകള്‍ മാതാവ് അവഗണിച്ചു. മകള്‍ പിന്നീട് പിതാവിന് മുന്നില്‍ തന്റെ വിഷമങ്ങള്‍ പങ്കുവെച്ചു. പിതാവ് മകളെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. കാമുകനില്‍നിന്നുള്ള പീഡനം വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ ഭാര്യ വിസമ്മതിച്ചു.
തുടര്‍ന്ന് നടന്ന കലഹം അക്രമാസക്തമാവുകയും മകളുടെ മുന്നില്‍വെച്ച് പ്രതി ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലക്കു ശേഷം പ്രതി സ്വമേധയാ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ക്കും വാദങ്ങള്‍ക്കുമൊടുവില്‍ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. മാനസിക രോഗം ചൂണ്ടിക്കാട്ടി അഭിഭാഷകന് നല്കിയ അപ്പീല്‍ സ്വീകരിച്ച കോടതി പ്രതിയെ എമിറേറ്റിലെ ഒരു മാനസികരോഗാശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

