ഫോൺ തട്ടിപ്പിലൂടെ അറബ് വംശജന്‍റെ പണം കവർന്നയാൾക്ക് തടവുശിക്ഷ
text_fieldsദുബൈ: അറബ് വംശജനെ കബളിപ്പിച്ച് 33,000 ദിർഹം ബാങ്ക് അക്കൗണ്ടിൽനിന്ന് തട്ടിയെടുത്ത കേസിൽ പ്രതിയായ 33കാരന് മൂന്നു മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു.
ദുബൈ ക്രിമിനൽ കോടതിയാണ് ഏഷ്യക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
ബാങ്ക് ജീവനക്കാരനാണെന്നു പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കിയാണ് പണം തട്ടിയത്. വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ എ.ടി.എം കാർഡ് ഡീആക്ടിവേറ്റാകും എന്ന് പറഞ്ഞാണ് വിവരങ്ങൾ ചോദിച്ചത്. ഇത് വിശ്വസിച്ച അറബ് വംശജൻ എല്ലാ വിവരങ്ങളും കൈമാറുകയായിരുന്നു. അൽപനേരത്തിന് ശേഷമാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്.
പെട്ടെന്നുതന്നെ ബാങ്കിനെ വിവരമറിയിച്ച് നടപടി സ്വീകരിച്ചതിനാലാണ് പ്രതിയെ കണ്ടെത്താൻ സാധിച്ചത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സമാനമായ സംഭവങ്ങളിൽ മറ്റു രണ്ടു പേരെ കബളിപ്പിച്ചതിന് മുമ്പ് പ്രതി ശിക്ഷ അനുഭവിച്ചിട്ടുണ്ട്.