മനഃപൂർവം കാറിടിച്ചു; 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവ്
text_fieldsഅബൂദബി: മനഃപൂര്‍വം മറ്റൊരു വാഹനത്തിലേക്ക് കാര്‍ ഇടിപ്പിച്ചുകയറ്റുകയും വാഹനത്തിന്റെ ഡ്രൈവറെ പൊതുമധ്യത്തില്‍ അസഭ്യം പറയുകയും ചെയ്തയാളോട് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് കോടതി. അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പ്രതി മനഃപൂര്‍വം രണ്ടു തവണ പരാതിക്കാരന്റെ കാറിലേക്ക് തന്റെ വാഹനം ഇടിച്ചുകയറ്റിയെന്നും ഇതിലൂടെ ആ വാഹനം ഉപയോഗശൂന്യമായി മാറിയെന്നും കോടതി നിരീക്ഷിച്ചു. ഇതിനു പുറമേ അതിക്രമത്തിനിരയായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ഇതിലൂടെ അദ്ദേഹത്തിന് മാനഹാനി വരുത്തുകയും ചെയ്തു.
ആദ്യം ക്രിമിനല്‍ കോടതി മുമ്പാകെയാണ് കേസ് എത്തിയത്. ബനിയാസ് കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ വിധി അപ്പീല്‍ കോടതിയും കസേഷന്‍ കോടതിയും ശരിവെച്ചു. തുടര്‍ന്നാണ് കേസ് സിവില്‍ കോടതി മുമ്പാകെ വന്നത്. പ്രതിയുടെ ചെയ്തിയിലൂടെ തനിക്ക് സാമ്പത്തികമായും മാനസികമായും നഷ്ടങ്ങളുണ്ടായെന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസ് തീര്‍പ്പാക്കാതെ കേടുവന്ന കാര്‍ നന്നാക്കാന്‍ ആയില്ലെന്നും ഇതിലൂടെ വാഹനം പൂര്‍ണമായി നശിച്ചുവെന്നും പരാതിക്കാരന് സിവില്‍ കോടതിയെ ബോധിപ്പിച്ചു. പരാതിക്കാരന് പ്രതി നേരത്തേ കോടതി ഇടപെടലില്‍ 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇതിനു പുറമേയാണ് 20,000 ദിര്‍ഹം കൂടി നല്കാന് സിവില്‍ കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

