ഭാര്യയുടെ സ്നേഹത്തിനായി ദുർമന്ത്രവാദിനിക്ക് പണം നൽകി; യുവാവിന് ജയിൽശിക്ഷ
text_fieldsഫുജൈറ: പിണങ്ങിയ ഭാര്യയുടെ സ്നേഹം തിരികെ ലഭിക്കാൻ ദുർമന്ത്രവാദിനിയുടെ സഹായം തേടിയ യുവാവിന് ആറു മാസത്തെ ജയിൽശിക്ഷ വിധിച്ച് ഫുജൈറ അപ്പീൽ കോടതി. ദുർമന്ത്രവാദിനിക്ക് ഭർത്താവ് നൽകിയത് 30,000 ദിർഹം. ഭാര്യയുടെയും കുടുംബത്തിന്റെയും സ്വകാര്യ ഫോട്ടോകൾ മന്ത്രവാദിനിക്ക് വാട്സ്ആപ് വഴി അയച്ചു നൽകുകയും ചെയ്തു. ഭർത്താവ് തന്റെയും മക്കളുടെയും കുടുംബത്തിന്റെയും മേൽ ദുർമന്ത്രവാദം നടത്തുന്നതായി അവകാശപ്പെട്ട് യുവതി പൊലീസിൽ പരാതിപ്പെട്ടതോടെയാണ് കേസിന് തുടക്കം. തുടർന്ന് അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചതായി ഇമാറാത്തുൽ യൗ ം റിപ്പോർട്ട് ചെയ്തു.
മന്ത്രവാദിനിയുമായി ഓൺലൈനിൽ ബന്ധപ്പെട്ട യുവാവ് ഇവർക്ക് 20,000 ദിർഹമും ഭാര്യയുടെ സ്വകാര്യ ഫോട്ടോകളും തന്റെ സ്വകാര്യ വിഡിയോയും ഇരുവരുടെയും ഫോൺ നമ്പറുകളും അയച്ചു നൽകുകയായിരുന്നു. പിന്നീട് ദുർമന്ത്രവാദിനി 25,000 ദിർഹം കൂടി ആവശ്യപ്പെട്ടെങ്കിലും ഇയാൾ നിരസിച്ചു. അതോടെ മന്ത്രവാദിനി ഇയാളുടെ വാട്സ്ആപ് സംഭാഷണങ്ങളും ഫോട്ടോകളും ഭാര്യക്ക് അയച്ചു നൽകുകയായിരുന്നു. സംഭവം അറിഞ്ഞതോടെ ഭാര്യ വിവാഹ മോചനത്തിന് കേസ് നൽകുകയും വീട്ടിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. എന്നാൽ, ഇത് അവഗണിച്ച ഇയാൾ മറ്റൊരു മന്ത്രവാദിനിയുമായി ബന്ധപ്പെടുകയും ഇവർക്ക് 10,000 ദിർഹം നൽകുകയും ചെയ്തു. അതും പരാജയപ്പെട്ടതോടെ മൂന്നാമതൊരു യുവതിയുമായും ബന്ധപ്പെട്ടു. ഇവർ പക്ഷേ, പണം ആവശ്യപ്പെടുന്നതിന് മുമ്പ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഭാര്യയുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നതാണ് ഭർത്താവിനെതിരായ ഒരു കുറ്റം. ഒപ്പം ദുർമന്ത്രവാദത്തിന് ഒത്താശചെയ്തുവെന്നും കോടതി കണ്ടെത്തി. ഇതോടെ കീഴ്കോടതി ആറു മാസത്തെ തടവ് ശിക്ഷയും കണ്ടെത്തിയ ഫോട്ടോകളും മറ്റും നശിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ പ്രതി നൽകിയ അപ്പീലാണ് മേൽകോടതി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

