‘മാജിക് മഷി’ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ
text_fields‘മാജിക് മഷി’ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ പ്രതി
ദുബൈ: കുറഞ്ഞ സമയത്തിനുശേഷം മാഞ്ഞുപോകുന്ന ‘മാജിക് മഷി’ ഉപയോഗിച്ച് രേഖകൾ തയാറാക്കി തട്ടിപ്പ് നടത്തിയ ഏഷ്യൻ വംശജൻ പിടിയിൽ. ബാങ്ക് വായ്പ ലഭിക്കാൻ സഹായിക്കാമെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് ഇയാൾ ഇരകളെ വലയിൽ വീഴ്ത്തിയിരുന്നത്. ഇതിനായി പണം വാങ്ങിയ ശേഷം ‘മാജിക് മഷി’യിൽ അച്ചടിച്ച വ്യാജ രേഖകൾ കൈമാറും. എന്നാലിത് അൽപനേരത്തിന് ശേഷം മാഞ്ഞുപോകും. ഇതോടെ പണം നൽകിയവർ വഞ്ചിക്കപ്പെടുകയുംചെയ്യും.
വ്യാജ ബിസിനസ് കാർഡും ജോബ് ഐഡിയും ഉപയോഗിച്ച് ആവശ്യക്കാരെ വഞ്ചിക്കുകയാണ് ഇയാൾ സ്വീകരിച്ചിരുന്ന രീതി. ഇരകളെ തെറ്റിദ്ധരിപ്പിക്കാൻ തട്ടിപ്പുകാരൻ രണ്ട് തന്ത്രങ്ങൾ പ്രയോഗിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ട് ഓപണിങ് ഫീസ് പോലുള്ള രേഖകളിൽ ഒപ്പിട്ട് പണം ആവശ്യപ്പെടുന്നതാണ് ഒരു രീതി. ഇരകളിൽനിന്ന് ചെക്ക് വാങ്ങുകയും അതിലെ വിശദാംശങ്ങൾ ‘മാജിക് മഷി’ ഉപയോഗിച്ച് എഴുതിക്കുകയും സാധാരണ പേന ഉപയോഗിച്ച് ഒപ്പിടുവിക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തെ രീതി. മഷി മങ്ങുമ്പോൾ പേരുകൾ മാറ്റിയെഴുതുകയും തുകയിൽ മാറ്റം വരുത്തുകയുംചെയ്ത് പണം തട്ടുകയുംചെയ്യും. കുറ്റകൃത്യത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ച ഉടൻ ദുബൈ പൊലീസിലെ ഫ്രോഡ് പ്രിവൻഷൻ സെന്റർ പ്രതിയെ അറസ്റ്റ് ചെയ്തതായി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
പുതിയ തട്ടിപ്പ് രീതികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു. പണം വാങ്ങി ബാങ്കിങ് ഇടപാടുകളിൽ സഹായിക്കാനെന്ന് അവകാശപ്പെടുന്ന അനൗദ്യോഗിക സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ ഇടപെടരുതെന്നും പൊലീസ് മുന്നറിയിപ്പിൽ പറഞ്ഞു. സമൂഹസുരക്ഷക്ക് ഭീഷണിയാകുന്നതോ മറ്റുള്ളവരിൽനിന്ന് നിയമവിരുദ്ധമായി പണം കൈക്കലാക്കാൻ ശ്രമിക്കുന്നതോ ആയ വ്യക്തികളെ കുറിച്ച് ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പ് അല്ലെങ്കിൽ ഇ-ക്രൈം പ്ലാറ്റ്ഫോം ഉപയോഗിച്ച് റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

