മമ്മുക്കയുടെ ഫാൻബോയ്
text_fieldsസംവിധാനം സ്വപ്നത്തിൽ പോലുമില്ലാതിരുന്ന കാലത്തേ ജോഫിൻ ടി. ചാക്കോ ഒന്നൊന്നര മമ്മൂക്ക ഫാനാണ്. മമ്മൂട്ടിക്ക് വേണ്ടി സുഹൃത്തുക്കളുമായി അടിപിടി കൂടും, റിലീസ് ദിവസം ആദ്യ ഷോയിൽ തന്നെ ഇടിച്ചുകയറും, സുഹൃത്തുക്കളെ പ്രേരിപ്പിച്ച് സിനിമക്ക് കൊണ്ടുപോകും... അങ്ങിനെ ഊണിലും ഉറക്കത്തിലും മമ്മൂട്ടിയെ സ്വപ്നം കണ്ടുനടന്ന കാലം. സിനിമയെന്ന സ്വപ്നം തലക്കുപിടിച്ച് കഥയെഴുത്ത് തുടങ്ങിയപ്പോഴും മനസിനുള്ളിൽ മമ്മൂട്ടി തന്നെയായിരുന്നു. 'ദ പ്രീസ്റ്റിലെ' ഫാദർ ബെനഡിക്ടായി മമ്മൂട്ടി രൂപപ്പെട്ടുവന്നതും അങ്ങിനെയാണ്.
അപ്രതീക്ഷിതമായി സിനിമയിലെത്തിയയാളല്ല ജോഫിൻ. ആഗ്രഹിച്ച്, പരിശ്രമിച്ച്, കഠിനാധ്വാനം ചെയ്ത് നേടിയ കസേരയാണത്. ഒരുപക്ഷെ, ഖദറിട്ട് രാഷ്ട്രീയത്തിലിറങ്ങേണ്ടിയിരുന്ന പഴയ കെ.എസ്.യുക്കാരൻ, അല്ലെങ്കിൽ അധ്യാപക കുടുംബത്തിലെ ഇളമുറ അധ്യാപകൻ, അതുമല്ലെങ്കിൽ ബിസിനസ്മാൻ.. ഇതാകുമായിരുന്നു ജോഫിെൻറ കരിയർ. എന്നാൽ, സിനിമയെന്ന സ്വപ്നത്തിന് പിന്നാലെ ഒരു പതിറ്റാണ്ടോളം പാഞ്ഞതിെൻറ ഫലമാണ് 'ദ പ്രീസ്റ്റിെൻറ' സ്ക്രീനിൽ തെളിയുന്ന ജോഫിൻ ടി. ചാക്കോ എന്ന പേരും തീയറ്ററിന് മുന്നിലെ 'ഹൗസ് ഫുൾ' ബോർഡും. നാല് പതിറ്റാണ്ടുകൾക്ക് ശേഷം മമ്മൂട്ടിയെ ളോഹയണിയിപ്പിച്ച 'ദ പ്രീസ്റ്റിെൻറ' സംവിധായകൻ ജോഫിൻ ഗൾഫ് മാധ്യമം വായനക്കാർക്കായി മനസ് തുറക്കുന്നു...
സിനിമയിലേക്ക് എങ്ങിനെ എത്തിപ്പെട്ടു ?
സിനിമയിൽ മമ്മൂട്ടിയും ക്രിക്കറ്റിൽ സൗരവ് ഗാംഗുലിയുമായിരുന്നു ഹീറോസ്. പ്ലസ് ടുവിന് പഠിക്കുേമ്പാൾ മുതൽ മനസിൽ സിനിമയുണ്ട്. സുഹൃത്ത് ഉണ്ണിയായിരുന്നു ഞങ്ങൾക്കിടയിലെ സിനിമാക്കാരൻ. ഷോർട് ഫിലിമൊക്കെ ചെയ്ത് അവാർഡുകളൊക്കെ നേടി നിൽക്കുന്ന സമയത്താണ് ഉണ്ണിയുടെ മരണം. അത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു. പിന്നീട് സിനിമ വഴികളിൽ കുറച്ചുനാൾ ഒറ്റക്കായിരുന്നു. കോളജ് യൂനിയനിൽ സജീവമായതോടെ വീട്ടുകാരുടെ പേടി ഞാൻ രാഷ്ട്രീയക്കാരനാകുമോ എന്നായിരുന്നു. ഇപ്പോഴും വ്യക്തമായ രാഷ്ട്രീയവും രാഷ്ട്രീയ കാഴ്ചപ്പാടുമുണ്ട്. അത് ഒരുവഴിക്ക് തുടരും. എങ്കിലും, ഇനിയുള്ള കരിയർ സിനിമയായിരിക്കും.
മമ്മൂട്ടിയിലേക്കുള്ള യാത്ര ?
നിർമാതാവ് ആൻറോ ജോസഫ് വഴിയാണ് മമ്മുക്കയോട് കഥ പറയാൻ അവസരം ലഭിച്ചത്. ഇൗ കഥ കേട്ടാൽ മനസിലാകുന്ന അഭിനേതാവിന് മാത്രമെ ഒ.കെ പറയാൻ കഴിയൂ. ഇങ്ങനൊരു കഥ എങ്ങിനെ മമ്മൂട്ടിയെ പോലൊരാളെ പറഞ്ഞ് മനസിലാക്കി എന്ന് പലരും ചോദിച്ചിട്ടുണ്ട്. കാരണം, രണ്ടാം പകുതിയിലെ പല സീനുകളും വിഷ്വലൈസ് ചെയ്യാൻ കഴിയുന്നത് പോലെ പറഞ്ഞ് മനസിലാക്കണമെന്നില്ല. അതിൽ പരാജയപ്പെട്ടാൽ ഒരു താരവും നമുക്ക് ഡേറ്റ് തരില്ല. ഒരുപക്ഷെ, ഈ സിനിമ മനസിലാക്കാൻ മലയാള സിനിമയിൽ മമ്മൂട്ടിയെ കഴിേഞ്ഞ ആരുമുണ്ടാവു. അദ്ദേഹമെടുത്ത റിസ്കും നൽകിയ പിന്തുണയുമാണ് സിനിമയുടെ വിജയം. മൂന്ന് മണിക്കൂർ സമയമെടുത്താണ് മമ്മുക്ക കഥകേട്ടത്.
മമ്മൂട്ടിയെ മനസിൽ കണ്ടെഴുതിയ കഥാപാമ്രാണോ ?
സീനിയർ നടൻമാർ ചെയ്യേണ്ട കഥാപാത്രത്തെ കുറിച്ചുള്ള ചിന്ത വരുേമ്പാൾ മനസിലേക്ക് ആദ്യമെത്തുക മമ്മുക്കതന്നെയാണ്. അത് മമ്മുക്കയോടുള്ള എെൻറ താൽപര്യംകൊണ്ടു കൂടിയായിരിക്കാം. അതുകൊണ്ട് തന്നെ, ഫാദർ ബെനഡിക്ടിെൻറ ഡയലോഗുകൾ എഴുതുേമ്പാൾ മനസിൽ മമ്മുക്കയായിരുന്നു.
കോവിഡ് കാലത്തെ ബ്രേക്ക് ?
ഞങ്ങൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഇത്. കോവിഡിനെ തുടർന്ന് ഷൂട്ടിങ് നിർത്തിയ ആദ്യ സിനിമയായിരുന്നു ദി പ്രീസ്റ്റ്. മാർച്ച് മൂന്നിന് മമ്മൂക്കയുടെ സീനുകളെല്ലാം ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു. മാർച്ച് പത്തിനാണ് ഷൂട്ടിങ് നിർത്തിയത്. കുറച്ച് ദിവസം കഴിഞ്ഞ് ഷൂട്ട് തുടങ്ങാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പിന്നീട് തുടങ്ങുന്നത് എട്ട് മാസത്തിന് ശേഷമാണ്. പ്രധാന വെല്ലുവിളി ബേബി മോണിക്കയായിരുന്നു. അവൾ കുട്ടിയല്ലേ. എട്ട് മാസത്തിനിടെ അവൾ വലുതാകുമോ എന്നായിരുന്നു പേടി. മമ്മുക്കയോടൊപ്പമുള്ള അവളുടെ സീനുകൾ ഷൂട്ട് ചെയ്ത് കഴിഞ്ഞിരുന്നു. എന്നാൽ, സിനിമയുടെ തുടക്കത്തിലുള്ള ടൈറ്റിൽ സോങ്ങുൾപെടെ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. പെക്ഷ, ഞങ്ങൾ ആശങ്കപ്പെട്ടത് പോലെയൊന്നും സംഭവിച്ചില്ല. മോണിക്കയുടെ ആദ്യം എടുത്ത സീനും അവസാനത്തെ സീനും തമ്മിലെ വ്യത്യാസം സിനിമ കണ്ട ആർക്കും മനസിലാവില്ല.
മറ്റൊരു വെല്ലുവിളി ലൊക്കേഷനും അണിയറപ്രവർത്തകരുമായിരുന്നു. ഇതൊരു വലിയ സിനിമയായിരുന്നതിനാൽ വലിയ മുതൽമുടക്കിലാണ് ഷൂട്ട് ചെയ്തത്. വീണ്ടും ഷൂട്ട് തുടങ്ങിയപ്പോൾ അണിയറപ്രവർത്തകരെ വെട്ടിചുരുക്കേണ്ടി വന്നു. 50 പേരാണ് ആകെയുണ്ടായിരുന്നത്. അസിസ്റ്റൻറ് ഡയറക്ടർമാരെ പോലും ഒഴിവാക്കേണ്ടി വന്നു.
മഞ്ജു വാര്യർ –മമ്മൂട്ടി സംഗമം:
ഞങ്ങൾ എക്സൈറ്റ്മെേൻറാടുകൂടി കാത്തിരുന്ന ഷോട്ടാണ് അവർ ഒന്നിക്കുന്ന സീൻ. ഒരു സീനിൽ മാത്രമാണ് അവർ ഒരുമിച്ചുള്ളത്. എന്നാൽ, അതൊരു വലിയ ടാസ്കായിരുന്നു. ഷൂട്ട് ചെയ്യാൻ ബുദ്ധിമുട്ടുള്ള സീനായിരുന്നു. സെറ്റിലുള്ളവർ കൈയടിച്ചാണ് ഈ ഷോട്ട് സ്വീകരിച്ചത്. തീയറ്ററിലും ഈ സീനിന് നിറഞ്ഞ കൈയടി ലഭിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് സിങ് സൗണ്ട് ?
സത്യം പറഞ്ഞാൽ ഞാൻ അതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. സിങ് സൗണ്ട് മതിയെന്ന് മമ്മുക്കയാണ് പറഞ്ഞത്. വളരെ ചിലവ് കൂടുതൽ വരും സിങ് സൗണ്ടിന്. ഷൂട്ടിങ് ദിവസം കൂടുതലുള്ള സിനിമയായതിനാൽ ചിലവ് ഇരട്ടിയാകും. പക്ഷെ, സിനിമ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ വർക്കായത് സിങ് സൗണ്ടാണ്.
സെക്കൻഡ് ഷോ ഇല്ലെങ്കിൽ സിനിമ റിലീസ് ചെയ്യേണ്ട എന്ന് തീരുമാനിച്ചിരുന്നു. എന്താണ് കാരണം ?
മലയാളികൾ കൂടുതലും ജോലി ചെയ്യുന്നവരാണ്. ആറ് മണിക്ക് ജോലി കഴിയുന്നവർ. അവർക്ക് കൂടുതൽ സൗകര്യം സെക്കൻഡ് ഷോയാണ്. അല്ലെങ്കിൽ സിനിമക്ക് വേണ്ടി അവരുടെ സമയം മാറ്റണം. സിനിമക്ക് വേണ്ടി അവർ മാറുക എന്നതിനേക്കാൾ നല്ലത് അവർക്ക് നമ്മൾ മാറുന്നതാണ്. അതിനാലാണ് സെക്കൻഡ് ഷോ ഇല്ലെങ്കിൽ റിലീസ് വേണ്ട എന്ന് തീരുമാനിച്ചത്.
മാത്രമല്ല, ഇത് ഒ.ടി.ടിക്ക് വേണ്ടിയെടുത്ത സിനിമയല്ല. തീയറ്റർ സിനിമയാണ്. ഒ.ടി.ടിക്ക് വേണ്ടി ഇത്ര ചെലവിൽ സിനിമയെടുക്കേണ്ട കാര്യമില്ല. കോവിഡിന് മുൻപ് പ്ലാൻ ചെയ്ത സിനിമയാണിത്. ഒ.ടി.ടിയിൽ റിലീസ് ചെയ്യേണ്ടി വരുന്നത് ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിയാത്ത കാര്യമായിരുന്നു. അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ ഈ സിനിമക്ക് ഇപ്പോൾ കിട്ടുന്ന അഭിപ്രായം കിട്ടില്ല. സിനിമയുടെ പല ഭാഗങ്ങളിലും തീയറ്ററിൽ കിട്ടുന്ന ഇംപാക്ട് ഒരിക്കലും ഒ.ടി.ടിക്ക് തരാൻ കഴിയില്ല.
കോവിഡ് സാഹചര്യത്തിൽ കുടുംബങ്ങൾ തീയറ്ററിലെത്തുമോ എന്ന് ചോദിച്ചവർക്കുള്ള ഉത്തരമാണ് പ്രീസ്റ്റ്. സ്ത്രീകളും കുട്ടികളും സിനിമ ഏറ്റെടുത്ത് കഴിഞ്ഞു. റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾക്കെല്ലാം ധൈര്യം പകർന്നാണ് പ്രീസ്റ്റ് തീയറ്ററിലെത്തിയിരിക്കുന്നത്. ഹൗസ് ഫുൾ ആണെന്നും ടിക്കറ്റ് കിട്ടാനില്ലെന്നുമൊക്കെ കേൾക്കുേമ്പാൾ വളരെ സന്തോഷമുണ്ട്.
അടുത്ത സിനിമ:
ലോക്ഡൗൺ സമയത്ത് മലയാളത്തിലെ പല എഴുത്തുകാരുമായും സിനിമ കഥകൾ ചർച്ച ചെയ്തിരുന്നു. പക്ഷെ, അതൊന്നും പ്രൊജക്ടിലേക്കോ സ്ക്രിപ്റ്റിലേക്കോ എത്തിയിട്ടില്ല. കുറേകാലമായി പ്രിസ്റ്റിനൊപ്പമാണ്. ഇനി കുറച്ച് ദിവസം വിശ്രമിക്കണം. അതിന് ശേഷമെ അടുത്ത ജോലിയിലേക്ക് പ്രവേശിക്കൂ. വിവാഹം കഴിഞ്ഞ് ആറ് മാസമായെങ്കിലും ഒരു മാസമാണ് വീട്ടിൽ നിന്നത്.
പ്രവാസ സിനിമ:
കുടുംബത്തിൽ പ്രവാസ ജീവിതം നയിക്കുന്നയാളുകൾ കുറവാണ്. പ്രവാസത്തെ കുറിച്ച് കാര്യമായി അറിയില്ല. അതുകൊണ്ട് അതേകുറിച്ച് ചിന്തിച്ചിട്ടുമില്ല. അതുപോലുള്ള കഥകൾക്ക് വേണ്ടിയും ഇനി കാത്തിരിക്കും.
മമ്മുക്കയുടെ ഫാൻബോയ്
അതെ. അച്ഛൻ ചാക്കോയും അമ്മ അന്നമ്മയും അധ്യാപകരായിരുന്നു. മൂത്ത ചേച്ചി ജോബിനി മുണ്ടൂർ എച്ച്.എസ്.എസിലെ ഹൈസ്കൂൾ അധ്യാപികയാണ്. രണ്ടാമത്തെ ചേച്ചി ജോഷിനി പിഎച്ച്.ഡി കഴിഞ്ഞ് ട്യൂട്ടറായിരുന്നു. ഇപ്പോൾ റിസർച്ച് മേഖലയിലാണ് ജോലി. മൂന്നാമത്തെ ചേച്ചി ജോസിനി തിരുവല്ല മെഡിക്കൽ മിഷൻ നഴ്സിങ് കോളജിലെ അസി. പ്രഫസറാണ്. ഭാര്യ ആൻസി എം.ബി.എ ചെയ്യുന്നു. ഭാവിയിലെ ടീച്ചറാണ് ആൻസിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

