നോമ്പിലെ സായാഹ്നങ്ങൾ ഓടിത്തീർത്ത് മല്ലൂ റൈഡർമാർ
text_fieldsറമദാനിലെ വൈകുന്നേരം സൈക്കിൾ റൈഡ് നടത്തുന്ന മലയാളികൾ
ദുബൈ: നോമ്പിന്റെ ക്ഷീണം പാരമ്യത്തിലെത്തുന്ന സമയമാണ് വൈകുന്നേരങ്ങൾ. ചൂടു കൂടുതലുള്ള ദിവസങ്ങളാണെങ്കിൽ ക്ഷീണം കനക്കും. എന്നാൽ, ഒരുകൂട്ടം മലയാളികൾക്ക് നോമ്പുതുറക്കുന്ന സായാഹ്നങ്ങൾ ഇരട്ടി ഊർജത്തിന്റേതാണ്. ഓരോ ദിവസവും നോമ്പുതുറക്ക് ഒരു മണിക്കൂർ മുൻപ് 10 കിലോമീറ്ററിലേറെ ഓടുകയാണ് ഇവർ.
ചില ദിവസങ്ങളിൽ ഇത് സൈക്ലിങ്ങായും മറ്റ് വ്യായാമങ്ങളായും മാറും. മലയാളികളുടെ കൂട്ടായ്മയായ കേരള റൈഡേഴ്സിന്റെ നേതൃത്വത്തിലാണ് ഇവർ വ്യായാമങ്ങളിലേർപെടുന്നത്. 175ഓളം പേരാണ് ഈ റൈഡിൽ പങ്കെടുക്കുന്നത്. റമദാൻ ഫിറ്റ്നസ് ചലഞ്ച് എന്നപേരിൽ നടക്കുന്ന റൈഡിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്നവർക്ക് സമ്മാനവും നൽകും.
ഇഫ്താറിന് തൊട്ടു മുമ്പുള്ള ഓട്ടം ആയതിനാൽ തന്നെ ഇഫ്താറിന് ശേഷം റീഹൈഡ്രേറ്റ് ചെയ്യാനും ഭക്ഷണം കഴിക്കാനും നല്ല സമയം കിട്ടാറുണ്ടെന്ന് സംഘത്തിലെ കാസർകോട് സ്വദേശി ഷാഫി തയ്യിൽ പറയുന്നു.
നോമ്പിലായതിനാൽ തന്നെ മറ്റുള്ള സമയങ്ങളിൽ ഓടുന്നതിനേക്കാളും ശരീരത്തിലെ കൊഴുപ്പ് കൂടുതൽ കത്തുന്നതായി തോന്നിയിട്ടുണ്ടെന്നും ഷാഫി തയ്യിൽ പറയുന്നു. നന്നായി ആസൂത്രണം ചെയ്യുകയും ശരീരം ശ്രദ്ധിക്കുകയും ചെയ്താൽ ഓട്ടവും അതുപോലെ മറ്റുള്ള വ്യായാമങ്ങളും ഈ മാസവും സാധ്യമാണെന്ന് ഇവർ പ്രവൃത്തിയിലൂടെ തെളിയിക്കുന്നു.
റമദാനിലെ ഓട്ടക്കാർക്ക് ഷാഫിയുടെ ടിപ്സുകൾ
- വേഗത കൂട്ടി ഓടാൻ നോക്കരുത്. കായികക്ഷമത നിലനിർത്താനുള്ള സമയമായി ഈ മാസത്തെ കാണുന്നതാണ് നല്ലത്. സാധാരണ ഓടാനുള്ള തയാറെടുപ്പിനുശേഷം ശരീരത്തിന്റെ അന്നത്തെ ആരോഗ്യം മനസ്സിലാക്കിയശേഷം മാത്രം പരമാവധി ഒരു മണിക്കൂർ മാത്രമാണ് ഓടുന്നത്. പരമാവധി തീവ്രതയിലും ദീർഘദൂരത്തിലും ഓടാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്.
- 10-12 മണിക്കൂർ ഭക്ഷണമോ വെള്ളമോ കഴിക്കാതെയുള്ള ഓട്ടമായതിനാൽ കൂടുതലും കേരള റൈഡേഴ്സ് യു.എ.ഇ പോലുള്ള ഗ്രൂപ്പിന്റെ കൂടെ ആളനക്കമുള്ള റണ്ണിങ് ട്രാക്കുകളാണ് ഓടാൻ തിരഞ്ഞെടുക്കുന്നത്. വീട്ടിലോ ജിമ്മിലോ ട്രെഡ്മില്ലുകളിൽ ഓടുന്നതും പരിഗണിക്കാവുന്നതാണ്.
- എല്ലാ ദിവസവും ഓടാതെ ക്രോസ് ട്രെയിനിങ് ചെയ്യാനും ശ്രദ്ധിക്കാറുണ്ട്, അത് ഗ്രൗണ്ട് എക്സർസൈസായോ സൈക്ലിങ് ആയോ ഉൾപ്പെടുത്താറുണ്ട്.
- വ്യായാമം കഴിഞ്ഞ് ഇഫ്താറിന് സമയമായാൽ ഈന്തപ്പഴവും വെള്ളവും കൊണ്ടുതന്നെ നോമ്പ് തുറക്കാൻ ശ്രമിക്കാറുണ്ട്. ഒരു മണിക്കൂർ വ്യായാമം കഴിഞ്ഞ ശരീരത്തിൽ നല്ലൊരു എനർജി നൽകാറുമുണ്ട്. അതിനുശേഷം ആവശ്യമായ പഴങ്ങളും ഭക്ഷണവും കഴിക്കും.
- റമദാനിൽ ഭക്ഷണം കുറവായതിനാൽ കഴിക്കുന്ന ആഹാരത്തിൽ ശരീരത്തിന് ആവശ്യമായ ഫ്ലൂയിഡ് നിലനിർത്താനും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും സഹായിക്കുന്ന ഭക്ഷണം ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്.
- ശരീരത്തിന് ആവശ്യമായ വിശ്രമവും ഉറക്കവും നൽകണം.
- ഇഫ്താറിന് മുമ്പോ അല്ലെങ്കിൽ സുഹൂറിനു മുമ്പായോ ഓടാൻ ശ്രമിക്കാം. ചിട്ടയായ വ്യായാമവും ആവശ്യമുള്ള ഭക്ഷണവും കഴിച്ചുതന്നെ അമിത ഭാരമുള്ളവർക്ക് ഈ റമദാനിൽ അഞ്ചു കിലോയെങ്കിലും തൂക്കം കുറക്കാം. ഒബേസിറ്റി പോലുള്ള അമിത വണ്ണമുള്ളവർക്ക് അതിലും കൂടുതൽ തടി കുറക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

