രാജ്യത്തെ 20,000ത്തോളം മാൾ ജീവനക്കാരിൽ കോവിഡ് പരിശോധന നടത്തി
text_fieldsദുബൈ: നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ പശ്ചാത്തലത്തിൽ ഷോപ്പിങ് മാളുകൾ പ്രവർത്തന സജ്ജമാകുന്നതിന് മുന്നോടിയായി രാജ്യത്തെ 20,000ത്തോളം മാൾ ജീവനക്കാരിൽ കോവിഡ്-19 പരിശോധന നടത്തി. എമിറേറ്റിലുടനീളം സ്ഥാപിച്ച പരിശോധനകേന്ദ്രങ്ങൾ വഴിയാണ് മാളുകളിലെയും ഷോ പ്പുകളിലെയും ജീവനക്കാരെ ടെസ്റ്റിന് വിധേയരാക്കിയതെന്ന് അബൂദബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) അറിയിച്ചു.ഷോപ്പിങ് സെൻററുകൾ പ്രവർത്തനം പുനരാരംഭിക്കുന്നതിനു മുമ്പ് എല്ലാ ജീവനക്കാർക്കും കോവിഡ്-19 ടെസ്റ്റുകൾ നിർബന്ധമായും നടത്തണമെന്ന് സാമ്പത്തിക വികസന വകുപ്പ് നേരത്തേ നിർദേശം നൽകിയിരുന്നു. പരിശോധനയിൽ നെഗറ്റിവ് ഫലം ലഭിച്ചതായുള്ള സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമേ ജോലിയിൽ തുടരാൻ അനുമതി നൽകാവൂ എന്നും വ്യക്തമാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ജീവനക്കാരിൽ പരിശോധന വ്യാപകമാക്കിയത്.
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനുശേഷം രാജ്യത്തുടനീളം മാളുകൾ വീണ്ടും പ്രവർത്തനം തുടങ്ങി. ദുബൈ മാൾ ജുമൈറ ബീച്ച് റെസിഡൻസിലെ വ്യാപാരസ്ഥാപനങ്ങൾ എന്നിവ ചൊവ്വാഴ്ച പ്രവർത്തനം ആരംഭിച്ചു. മാൾ ഓഫ് എമിറേറ്റ്സ്, ദുബൈ ഫെസ്റ്റിവൽ സിറ്റി എന്നിവ വാരാന്ത്യത്തിൽ തന്നെ ഭാഗികമായി തുറന്നിരുന്നു. ചില നിയന്ത്രണങ്ങൾക്കുശേഷം അബൂദബിയിലെ മാളുകളും തുറന്നിട്ടുണ്ട്. ജോലിയിൽ തിരിച്ചെത്തുന്നതിനുമുമ്പ് ആരോഗ്യവാന്മാരാണെന്ന് ഉറപ്പുവരുത്തുന്നതിനായി സെഹയുടെ ഡ്രൈവ്-ത്രൂ കോവിഡ് സ്ക്രീനിങ് സെൻററുകളിൽ പകുതിയിലും ജീവനക്കാരെ പരിശോധനക്കു വിധേയമാക്കി. സാമൂഹിക അകലം, പതിവ് സാനിറ്റൈസേഷൻ, മാസ്ക്കുകളുടെയും കൈയുറകളുടെയും ഉചിതമായ ഉപയോഗം, തങ്ങൾക്കും ഉപഭോക്താക്കൾക്കുമായി താപനില പരിശോധന എന്നിവയെക്കുറിച്ചും പരിശോധനക്കെത്തുന്ന ജീവനക്കാരിൽ ആരോഗ്യപ്രവർത്തകർ ബോധവത്കരണം നടത്തുന്നുണ്ട്.
ഷോപ്പിങ് മാളുകളിലെത്തുന്ന എല്ലാ സന്ദർശകരുടെയും താപനില പരിശോധന നടത്തണം. 60 വയസ്സ് പിന്നിട്ടവരെയും 12 വയസ്സിനു താഴെയുള്ള കുട്ടികളെയും മാളുകളിൽ പ്രവേശിക്കുന്നതിൽനിന്ന് സ്നേഹപൂർവം നിരസിക്കണം. ഉപഭോക്താക്കൾ തമ്മിൽ കൃത്യമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം തുടങ്ങിയ കാര്യങ്ങളും നിർബന്ധമായും നടപ്പാക്കുന്നതിൽ ശ്രദ്ധചെലുത്തണമെന്നും ആരോഗ്യ പ്രവർത്തകർ ജീവനക്കാരോട് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
