സഞ്ചാരികളെ സ്വാഗതം ചെയ്ത് മലീഹ ദേശീയോദ്യാനം കാമ്പയിൻ
text_fieldsമലീഹ ദേശീയോദ്യാനത്തിലെ കാഴ്ച
ഷാർജ: പ്രകൃതിവിഭവങ്ങളും മേഖലയുടെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിര മാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി പ്രഖ്യാപിക്കപ്പെട്ട ‘മലീഹ നാഷനൽ പാർക്ക്’ സജീവമാകുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള കൂടുതൽ സഞ്ചാരികളെ സ്വാഗതം ചെയ്യാനായി ‘കം ക്ലോസർ’ കാമ്പയിന് തുടക്കമായി.
ദേശീയോദ്യാനത്തിന്റെ 34.2 ചതുരശ്ര കിലോമീറ്റർ നീളുന്ന സംരക്ഷണവേലിയുടെ നിർമാണം പൂർത്തീകരിച്ചിട്ടുമുണ്ട്. രണ്ടുലക്ഷം വർഷം പഴക്കമുള്ള പ്രദേശത്തെ മനുഷ്യകുടിയേറ്റത്തിന്റെ ചരിത്രപശ്ചാത്തലം അടുത്തറിയാനുള്ള അവസരമൊരുക്കുന്ന മലീഹയുടെ വിശേഷങ്ങൾ രാജ്യത്തിനകത്തെന്ന പോലെ രാജ്യാന്തരതലത്തിൽ കൂടി പ്രചരിപ്പിക്കാനാണ് പുതിയ കാമ്പയിൻ ലക്ഷ്യമിടുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചവടപാതകളും സാംസ്കാരിക വിനിമയങ്ങളും കൊട്ടാരങ്ങളുമെല്ലാം ഖനനം ചെയ്തു കണ്ടെത്തിയിട്ടുള്ള മലീഹ, അപൂർവയിനം പക്ഷികളും സസ്യങ്ങളും കാണപ്പെടുന്ന ഇടം കൂടിയാണ്. പ്രദേശത്തിന്റെ ചരിത്ര പൈതൃകവും സംരക്ഷിക്കാനും സുസ്ഥിര മാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി കഴിഞ്ഞ വർഷം മേയിലാണ് ഷാർജ ഭരണാധികാരി പ്രത്യേക ഉത്തരവിലൂടെ മെലീഹ നാഷനൽ പാർക്ക് പ്രഖ്യാപിച്ചത്. ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ(ശുറൂഖ്) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ദേശീയോദ്യാനത്തിന്റെ സംരക്ഷണവേലി ഷാർജ പബ്ലിക് വർക്ക് ഡിപ്പാർട്മെന്റിന്റെ പങ്കാളിത്തത്തിലാണ് പൂർത്തീകരിച്ചത്.
പൈതൃകവും പാരിസ്ഥിതിക വൈവിധ്യങ്ങളും വിനോദസഞ്ചാര സാധ്യതകളും കൂടുതൽ അടുത്തറിയാനുള്ള ക്ഷണമാണ് ‘അടുത്തു വരൂ’ കാമ്പയിനെന്ന് ശുറൂഖ് സി.ഇ.ഒ അഹ്മദ് ഉബൈദ് അൽ ഖസീർ പറഞ്ഞു. ചരിത്രം, പ്രകൃതി, വാനനിരീക്ഷണം, സംസ്കാരം, സാഹസികത എന്നിങ്ങനെ അഞ്ച് വ്യത്യസ്ത തീമുകളിലായാണ് മലീഹയുടെ പുതിയ കാമ്പയിൻ രൂപകൽപന ചെയ്തിരിക്കുന്നത്.
മേഖലയിലെ തന്നെ ഏറ്റവും പുരാതന ചരിത്രസ്മാരകവും നരവംശ ശാസ്ത്രത്തിന്റെ 200 വർഷത്തോളം പിന്നിലേക്കുള്ള ശേഷിപ്പുകളും കണ്ടെത്തിയ മലീഹ, യുനെസ്കോയുടെ ലോക പൈതൃകപട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വന്യജീവികളെയും സസ്യജാലങ്ങളെയും പൂർണമായി സംരക്ഷിക്കാനുള്ള ‘കോർ കൺസർവേഷൻ സോൺ’, പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വിനോദസഞ്ചാര പ്രവൃത്തികളും താമസ സൗകര്യങ്ങളുമുള്ള ‘ഇക്കോ ടൂറിസം സോൺ’, സംരക്ഷണത്തിന്റെയും സുസ്ഥിര മാതൃകകളുടെയും സമ്മേളനമായ ‘ഡ്യൂൺസ് സോൺ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പാർക്ക് രൂപകൽപന ചെയ്തിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.