മലീഹ െഡയറി ഫാക്ടറി തുറന്നു
text_fieldsമലീഹ ഡെയറി ഫാക്ടറി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഏറ്റവും മികച്ച ഗുണനിലവാരമുള്ള പാലും പാലുൽപന്നങ്ങളും യഥേഷ്ടം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഷാർജയിൽ മലീഹ ഡെയറി ഫാക്ടറി തുറന്നു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഫാക്ടറിയുടെ ഉദ്ഘാടനം നിർവഹിച്ചു. 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അതിവിശാലമായ ഫാക്ടറിക്ക് ഏതാണ്ട് 600 ടൺ ഉൽപാദന ശേഷിയുണ്ട്. ലോകത്തെ ഏറ്റവും വലിയ എ2എ2 കന്നുകാലി ഫാമെന്ന ഗിന്നസ് റെക്കോഡും സുൽത്താൻ ചടങ്ങിൽ സ്വീകരിച്ചു.
മലീഹ ഡയറി ഫാമിന്‍റെയും ഫാക്ടറി പദ്ധതിയുടെയും നിർമാണം പൂർത്തിയാക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ശൈഖ് സുൽത്താൻ പറഞ്ഞു. ഉയർന്ന ഗുണനിലവാരവും കർശനമായ ആരോഗ്യ മാർഗനിർദേശങ്ങളും പാലിച്ചു കൊണ്ടാണ് മലീഹ ഫാക്ടറിയിൽ പാലും പാലുൽപന്നങ്ങളും നിർമിക്കുന്നത്. കഴിഞ്ഞ 65 വർഷത്തെ സ്വപ്ന പദ്ധതിയാണിതെന്നും സമൂഹത്തെ സേവിക്കാനുള്ള സമർപ്പണത്തിലൂടെ വളർന്നുവന്ന ആഗ്രഹമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് തലമുറയുടെ പ്രയ്തനം പ്രതിഫലിക്കുന്നതാണ് ഈ നേട്ടം. പക്ഷേ, നാലാം തലമുറക്കാണ് ആ സ്വപ്നം യാഥാർഥ്യമാക്കാനായത്.
അതിന് അറിവും ശേഷിയുമുള്ള യുവ ജനതക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എമിറേറ്റിൽ നടന്നുവരുന്ന ഭക്ഷ്യസുരക്ഷ പദ്ധതികളും ശൈഖ് സുൽത്താൻ വിലയിരുത്തി. കൂടാതെ യൂനിവേഴ്സിറ്റി ഓഫ് അൽദൈദിൽ കോളജ് ഓഫ് അഗ്രികൾച്ചർ, വെറ്ററിനറി മെഡിസിൻ, ഡെസേർട്ട് സയൻസസ് തുടങ്ങിയ പ്രത്യേക പ്രോഗ്രാമുകൾ ആരംഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഭക്ഷ്യ സുരക്ഷ സംരംഭങ്ങൾക്കായി യോഗ്യതയുള്ള പ്രഫഷനലുകളെ വളർത്തിയെടുക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.
20ലധികം ആരോഗ്യ ഗുണങ്ങളുള്ള പാലുൽപാദിപ്പിക്കാൻ കഴിയുന്ന അപൂർവമായ എ2എ2 ഇനത്തിൽപ്പെട്ട പശുക്കളാണ് മലീഹ ഫാമിലുള്ളത്. ഉൽപന്നങ്ങളുടെ പരിശുദ്ധിയും ഗുണനിലവാരവും ഉറപ്പുവരുത്തിയാണ് പശുക്കൾക്ക് തീറ്റ നൽകുന്നതും പരിപാലിക്കുന്നതും. ജബൽ അലി ഡീമിൽ 3800 ഒലിവ് മരങ്ങൾ നട്ടുകൊണ്ട് ഒലിവ് കൃഷിക്കും തുടക്കമിട്ടിരിക്കുകയാണ്. ഇതിൽ 12,00 എണ്ണം വളർച്ച ഘട്ടത്തിലാണ്. പ്രതിവർഷം 1500 മരങ്ങൾ കൂടി നടാനും പദ്ധതിയുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള ഒലിവ് ഓയിൽ ഉൽപാദിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സുൽത്താൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

