മലയാളിയുടെ പാസ്പോർട്ടിൽ 60 വർഷത്തിനു ശേഷം ചരിത്രമുദ്ര
text_fieldsഹാജി എൻ. ജമാലുദ്ദീൻ
ദുബൈ: 1965ൽ ദുബൈയിലെത്തിയ മലയാളി പ്രവാസിയുടെ പാസ്പോർട്ടിൽ കഴിഞ്ഞ ദിവസം ഒരു എൻട്രി സ്റ്റാമ്പ് പതിഞ്ഞു. 60 വർഷത്തിനുശേഷം പതിഞ്ഞ ആ സ്റ്റാമ്പ് യു.എ.ഇ നൽകുന്ന പരിഗണനയുടെയും സ്നേഹത്തിന്റെയും ഒരടയാളമാണ്.പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ ഹാജി എൻ. ജമാലുദ്ദീനാണ് ആദ്യ യാത്രയുടെ ഇമിഗ്രേഷൻ സ്റ്റാമ്പ് ആറു പതിറ്റാണ്ടുകൾക്ക് ശേഷം അധികൃതർ പതിച്ചുനൽകിയത്. യു.എ.ഇയുടെ സാമൂഹിക വർഷാചരണത്തിന്റെ ഭാഗമായി നടന്ന സംരംഭം ദുബൈ എയർപോർട്സ് തന്നെയാണ് എക്സ് അക്കൗണ്ടിൽ പങ്കുവെച്ചത്.ദുബൈയിലെ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ സ്ഥാപകനാണ് 91 വയസ്സുകാരനായ ഹാജി എൻ. ജമാലുദ്ദീൻ. ആലപ്പുഴ മാവേലിക്കര സ്വദേശിയായ ഇദ്ദേഹം മുംബൈയിൽനിന്ന് കപ്പൽ വഴിയാണ് ദുബൈയിൽ എത്തിച്ചേരുന്നത്.
പാസ്പോർട്ടിൽ പതിച്ച സ്റ്റാമ്പ്
ആദ്യമായി ദുബൈയിൽ എത്തിയപ്പോൾ തുറമുഖമോ എൻട്രി സ്റ്റാമ്പ് അടക്കമുള്ള സംവിധാനങ്ങളോ ഇവിടെയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. മകൻ ഡോ. റിയാസ് ജമാലുദ്ദീന്റെ ആഗ്രഹ സഫലീകരണം കൂടിയായാണ് പിതാവിന് ആദ്യ യാത്രയുടെ ഇമിഗ്രേഷൻ സ്റ്റാമ്പ് പാസ്പോർട്ടിൽ പതിപ്പിച്ചത്. റിയാസ് ദുബൈ വിമാനത്താവളം സി.ഇ.ഒ പോൾ ഗ്രിഫിത്തിന് മെയിൽ അയച്ചതാണ് ചരിത്രമുദ്ര പതിപ്പിക്കുന്നതിലേക്ക് വാതിൽ തുറന്നത്.
പാസ്പോർട്ടിലെ വെറുമൊരു മുദ്ര എന്നതിനപ്പുറം, ദുബൈ നൽകിയ എല്ലാറ്റിനുമുള്ള ആദരവാണിതെന്ന് ഹാജി എൻ. ജമാലുദ്ദീൻ പറഞ്ഞു. സേവനം, വിനയം, പ്രത്യാശ എന്നിവയാൽ രൂപപ്പെട്ട പൈതൃകത്തെ ആഘോഷിക്കാൻ അദ്ദേഹത്തിന്റെ പാസ്പോർട്ടിൽ ഒടുവിൽ ഒരു സ്റ്റാമ്പ് പതിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും വിദ്യാഭ്യാസമാണ് പ്രബുദ്ധതക്കുള്ള ഏറ്റവും നല്ല ആയുധമെന്ന് വിശ്വസിച്ചയാളാണ് അദ്ദേഹമെന്നും ദുബൈ എയർപോർട്സ് എക്സിൽ കുറിച്ചു. ചടങ്ങിനോടനുബന്ധിച്ച് ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂളിലെ കുട്ടികൾക്ക് ദുബൈ വിമാനത്താവളത്തിൽ സന്ദർശനത്തിനും അവസരവുമൊരുക്കിയിരുന്നു. സാധാരണക്കാർക്ക് താങ്ങാവുന്ന ചെലവിൽ വിദ്യാഭ്യാസം ഒരുക്കി നൽകിയതിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ് അഞ്ചു പതിറ്റാണ്ടോളമായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ഹാജി എൻ. ജമാലുദ്ദീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

