ദുബൈയിൽ കാൻസർ ആൻഡ് ഓങ്കോളജി കോൺഫറൻസിൽ മലയാളി ഗവേഷകക്ക് അംഗീകാരം
text_fieldsആഷിഖ ഷിറിൻ
ദുബൈ: ദുബൈയിൽ തിങ്കളാഴ്ച ആരംഭിച്ച നാലാമത് കാൻസർ ആൻഡ് ഓങ്കോളജി അന്താരാഷ്ട്ര കോൺഫറൻസിൽ മലയാളി ഗവേഷകക്ക് അംഗീകാരം. ഓറൽ കാൻസർ നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന നവീന സംവിധാനം രൂപപ്പെടുത്താനുള്ള ഗവേഷണം സംബന്ധിച്ച അവതരണത്തിന് കോഴിക്കോട് സ്വദേശിനി ആഷിഖ ഷിറിനാണ് അവാർഡ് കരസ്ഥമാക്കിയത്.
ഏറ്റവും മികച്ച അവതരണത്തിനുള്ള ‘ബെസ്റ്റ് പോസ്റ്റർ അവാർഡാ’ണ് കോൺഫറൻസിൽ ഗവേഷകയായ ആഷിഖ നേടിയത്. ‘കാൻസർ, പൊതുജനാരോഗ്യ നയങ്ങളിലെ ആഗോള കാഴ്ചപ്പാടുകൾ’ തലക്കെട്ടിലാണ് കാൻസർ ആൻഡ് ഓങ്കോളജി അന്താരാഷ്ട്ര കോൺഫറൻസ് ഇത്തവണ സംഘടിപ്പിക്കപ്പെട്ടത്. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ചെന്നൈയിലെ സവീത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസിലാണ് ആഷിഖ ഗവേഷണം ചെയ്യുന്നത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ജനറൽ ബയോടെക്നോളജിയിലും ഭാരതിയാർ സർവകലാശാലയിൽ നിന്ന് എൻവിറോൺമന്‍റൽ സയൻസിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കോഴിക്കോട് അരക്കിണർ പരേതനായ പി.പി. ഉസ്മാന്റെയും സഫിയയുടെയും മകളാണ്. കുറ്റ്യാടി സ്വദേശി ഒ.കെ. നുഫൈലാണ് ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

